‘ആടുജീവിതം’ ഹിറ്റായി; അപ്പോള്‍ അബ്ദുറഹീമും ഹിറ്റാകുമെന്ന് ഉറപ്പ്, സൗദി ജയിലിലുള്ള മലയാളിയുടെ ജീവിതം സിനിമയാക്കുന്നു
|
മലപ്പുറം: 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിയുന്ന മലയാളിയായ അബ്ദുര്‍ റഹീമിന്റെ ജീവിതം ഇനി സ്‌ക്രീനിലേക്ക്. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ നടത്തിയ യാത്രയും അബ്ദുല്‍ റഹീമിന്റെ ജീവിതവും സിനിമയാക്കുമെന്ന് വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ ആണ് പ്രഖ്യാപിച്ചത്.
മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബള്‍ ട്രസ്റ്റിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
സിനിമയിലൂടെ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളാണ് സിനിമയാക്കുന്നത്. മലയാളികളുടെ നന്മ ലോകത്തിന് കാണിച്ചു കൊടുക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും ബോചെ വ്യക്തമാക്കി.
യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ നിരപരാധി ആണോ എന്ന് അന്വേഹിക്കുന്നുണ്ട്. അവര്‍ തെറ്റു കാരിയാണോ എന്ന കാര്യം അറിയണം. നിജ സ്ഥിതി അറിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. അബ്ദുല്‍ റഹീമിന്റെ മതം നോക്കിയല്ല സഹായിക്കാന്‍ ഇറങ്ങിയതെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.
അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് കൈകോര്‍ത്ത് സമാഹരിച്ചത്. ധനസമാഹരണത്തിലേക്ക് ആദ്യം ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു. അബ്ദു റഹീം തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് നേരത്തെ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു.
ഡ്രൈവര്‍ ജോലിക്കായി വിദേശത്ത് എത്തിയ അബ്ദു റഹീം കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജയിലിലാണ്. ഇത്രയും ദീര്‍ഘകാലത്തെ ജയില്‍ ജീവിതത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്ന അബ്ദു റഹീമിനെ അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ റോള്‍സ്‌റോയ്‌സിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.
റഹീമിന്റെ കൈതട്ടി ജീവന്‍രക്ഷാ ഉപകരണം നിലച്ച് സ്‌പോണ്‍സറുടെ മകന്‍ അനസ് അബദ്ധത്തില്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ വധശിക്ഷയ്ക്ക് വിധേയനായി പതിനെട്ട് വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിയുകയാണ് റഹീം. റഹീമിന്റെ ശിക്ഷ ഒഴിവാക്കാന്‍ അനസിന്റെ കുടുംബം 34 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഈ തുക സംഭരിക്കുവാന്‍ ബോബി ചെമ്മണ്ണൂര്‍ മുന്‍കൈ എടുത്തിരുന്നു.
boby chemmanur announced film on abdul rahim with blessy


