കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ജയിലില്‍കഴിയുന്ന വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയാകും സമീപിക്കുക. കൂടാതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും പരിഗണനയിലുണ്ട്. റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.
|
ജാമ്യാപേക്ഷ നല്‍കിയെങ്കിലും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജഡ്ജി എ. അഭിരാമി അത് തള്ളുകയും ബോബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. വിധി കേട്ട ബോബി ചെമ്മണൂരിന് രക്തസമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്നാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയത്.
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരായി രജിസ്റ്റര്‍ചെയ്ത കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ഇക്കാര്യം വ്യക്തമാക്കുന്നത്. അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളും പൊലിസ് ഉന്നയിച്ചിട്ടുണ്ട്. ഇത് കോടതി അംഗീകരിച്ചതിനാലാണ് ജാമ്യം തള്ളിയത്.
ഹണി റോസിനെതിരായ ദ്വയാര്‍ഥ പ്രയോഗം അശ്ലീലച്ചുവയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതാണ്. കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണ്. വലിയ വ്യവസായി ആയതിനാല്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഹണി റോസ് നല്‍കിയ പരാതിയില്‍ അശ്ലീലച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരായ ഭാരതീയ ന്യായസംഹിതയിലെ 75(4)വകുപ്പ് പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരേ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്ത്. ഇതിനു പുറമേ നടിയുടെ ചിത്രം മോശമായ രീതിയില്‍ വീഡിയോക്ക് തമ്പ് നെയില്‍ നല്‍കിയ 20 യു ട്യൂബര്‍മാര്‍ക്കെതിരേയും നടപടി പരാതി നല്‍കിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിനെതിരേ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ കാര്യം പുറത്തുവിട്ടത്.
Boby Chemmanur to file bail application again today


