26
Jun 2025
Tue
26 Jun 2025 Tue
The body of Ranjitha, who died in the Ahmedabad plane crash, will be cremated this evening.

പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച ഏക മലയാളിയായ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ പരേതനായ ഗോപകുമാരന്‍ നായരുടെയും തുളസിയുടെയും മകള്‍ രഞ്ജിത ആര്‍.നായരുടെ (39) മൃതദേഹം നാട്ടിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം മന്ത്രി വി ശിവന്‍കുട്ടിയാണ് ഏറ്റുവാങ്ങിയത്. മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്ക് കൊണ്ടുപോയി. അഹമ്മദാബാദില്‍ നിന്നും പുലര്‍ച്ചെ എത്തിച്ച മൃതദേഹത്തെ ബന്ധുക്കള്‍ അനുഗമിച്ചിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കളടക്കം നിരവധി പേര്‍ മൃതദേഹം ഏറ്റുവാങ്ങാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി എത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ദുരന്തം നടന്ന് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞത്. ആദ്യം സഹോദരന്റെ ഡി.എന്‍.എ സാംപിള്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും വിജയിക്കാതിരുന്നതോടെ മാതാവിന്റെ സാംപിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ഉണ്ടായത്. മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ചത്.

താന്‍ ആഗ്രഹിച്ചു പണികഴിപ്പിച്ച സ്വപ്‌ന ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആയിരുന്നു രഞ്ജിതയുടെ മരണം. ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തേണ്ട പുതിയ വീട്ടിലേക്കാവും മൃതദേഹം ഇന്നെത്തുക.
ഉടന്‍ തന്നെ ഗൃഹപ്രവേശനം നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹം. പല സുഹൃത്തുക്കളോട് രഞ്ജിത ഈ ആഗ്രഹം പങ്കുവച്ചിരുന്നു. രഞ്ജിതയുടെ ഇഷ്ടത്തിനനുസരിച്ചാണ് വീട് നിര്‍മിച്ചത്. പ്രായമായ അമ്മയും തന്റെ കുട്ടികളെയും പുതിയ വീട്ടിലേക്ക് ഉടന്‍ മാറ്റിപ്പാര്‍പ്പിക്കണം എന്നായിരുന്നു രജിതയുടെ ആഗ്രഹം. രഞ്ജിത നിലവില്‍ താമസിക്കുന്ന കുടുംബ വീടിനോട് ചേര്‍ന്ന് തന്നെയായിരുന്നു സ്വപ്‌നഭവനവും.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് അവധിയെടുത്താണ് സലാലയില്‍ ജോലിക്കായി പോയിരുന്നത്. അവിടെ നിന്നും ലണ്ടനില്‍ പോയി ജോലിയില്‍ പ്രവേശിച്ച രഞ്ജിത വീണ്ടും അഞ്ചുവര്‍ഷം കൂടി അവധി നീട്ടിയെടുക്കാനാണ് നാട്ടില്‍ എത്തിയത്. തിരികെ ലണ്ടനിലേക്ക് പോകാനായി നാട്ടില്‍ നിന്ന് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും യാത്ര ചെയ്യാനായിരുന്നു പോയത്. 11 വര്‍ഷം ഒമാനിലെ സലാലയില്‍ നഴ്‌സ് ആയിരുന്നു. അവിടെ നിന്നും ഒരു വര്‍ഷം മുന്‍പാണ് ലണ്ടനില്‍ ജോലിയില്‍ പ്രവേശിച്ചത്. പന്തളം എന്‍. എസ്. എസ്. മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ആയിരുന്നു.
നാട്ടിലെ വിവിധ ആശുപത്രികളില്‍ നേരേത്തേ ജോലി ചെയ്തിരുന്ന രഞ്ജിത യൂ.കെയിലെ പോട്‌സ് മൗത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു.ഇന്ദുചൂഢന്‍(പ്ലസ് വണ്‍ വിദ്യാര്‍ഥി), ഇതിക (8ാംക്ലാസ് വിദ്യാര്‍ഥിനി).

രഞ്ജിത പഠിച്ചിരുന്ന പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂള്‍ അങ്കണത്തില്‍ രാവിലെ 10 ന് പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇതിനുശേഷം ഉച്ചയ്ക്ക് 1.30 ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് 4.30 ന് സംസ്‌കാരചടങ്ങുകള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഈ മാസം 12നാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമായിരുന്നു രക്ഷപ്പെട്ടത്.

The body of Ranjitha, who died in the Ahmedabad plane crash, will be cremated this evening.