|
ജയ്പൂര്‍: രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ 55 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാജസ്ഥാനിലെ ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തില്‍ 160 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യന്‍ എന്ന കുട്ടി വീണത്. സമീപത്ത് കളിക്കുന്നതിനിടെയാണ് മൂടി വയ്ക്കാതിരുന്ന കുഴല്‍കിണറില്‍ കുട്ടി വീണത്. ആദ്യം ഫയര്‍ഫോഴ്‌സും പിന്നീട് ദേശീയ ദുരന്തനിവാരണ സേനയും നടത്തിയ രക്ഷാദൗത്യമാണ് രണ്ടുദിവസത്തിനൊടുവില്‍ വിജയകരമായത്. കുഴല്‍ക്കിണര്‍ വയലില്‍ ആതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസമേറിയതായിരുന്നു.
സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴല്‍ക്കിണറുമായി ബന്ധിച്ച ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. 150 അടി വെള്ളമുള്ള കിണറ്റില്‍ കാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയിക്കാതിരുന്നതും ദൗത്യത്തിനു വെല്ലുവിളിയായി.
ഭൂഗര്‍ഭ നീരാവി കാരണം കുട്ടിയുടെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷാ ആശങ്കകളും ഓപ്പറേഷനിലെ വെല്ലുവിളികളില്‍ ഒന്നാണെന്ന് എന്‍ഡിആര്‍എഫ് കമാന്‍ഡന്റ് യോഗേഷ് കുമാര്‍ പറഞ്ഞു. നൂറുകണക്കിനാളുകളാണ് രാത്രിയും രക്ഷാപ്രവര്‍ത്തനം കാണാനെത്തിയത്.
Boy pulled out alive after falling into borewell in Rajasthan





