|
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പുക എട്ടാം നാളും ശമിക്കാതെ തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. ഇതിനായി 65-ഓളം ഹിറ്റാച്ചികൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെ വെള്ളം തളിക്കുന്നുമുണ്ട്. എങ്കിലും കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത് ഇപ്പോഴും തുടരുകയാണ്. തീയണയ്ക്കാൻ വൈകുന്നതിനെതിരെ ഇന്ന് യുഡിഎഫ് കളക്ട്രേറേറ്റിലേക് പ്രതിഷേധ മാർച്ച് നടത്തും.
മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്. അഗ്‌നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള മൂന്ന് ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്.
ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗവും ചേർന്നിരുന്നു. ഇനിമുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ജൈവമാലിന്യം കഴിവതും ഉറവിടത്തിൽ സംസ്‌ക്കരിക്കാൻ നിർദേശം നൽകും. ജൈവ മാലിന്യ സംസ്‌ക്കരണത്തിന് വിൻഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയർ ചെയ്യും. ബ്രഹ്‌മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
അതേസമയം, പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി നൽകിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട്- പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.


