ബ്രസീലിലെ വിന്‍ഹെഡോ നഗര മധ്യത്തില്‍ വിമാനം തകര്‍ന്ന് വീണ് 61 പേരാണ് കൊല്ലപ്പെട്ടത്.(Brazil flight accident: Traveler escape being late) വോപാസ് എയര്‍ലൈന്‍സിന്റെ വിമാനത്തിലുണ്ടായിരുന്ന 57 യാത്രക്കാരും 4 ക്യാബിന്‍ ക്രൂ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. കാസ്‌കാവലില്‍ നിന്നും ഗ്വാറുല്‍ഹോസിലേക്ക് പോകുകയായിരുന്നു വിമാനം.
|
വിമാന അപകടത്തിന്റെ ദൃശ്യങ്ങളോടൊപ്പം അവസാന നിമിഷം യാത്ര മുടങ്ങിയ ഒരാളുടെ അനുഭവവും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. റിയോ ഡി ജനിറോ സ്വദേശിയായ അഡ്രിയാനോ അസിസ് ആണ് തന്റെ അമ്പരപ്പിക്കുന്ന അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ചത്.
ഹോസ്പിറ്റലിലെ ജോലി കഴിഞ്ഞ് എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും അല്‍പ്പം വൈകിപ്പോയിരുന്നു. അതിനാല്‍ അധികൃതര്‍ തന്നെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. എന്നാല്‍ അപകടത്തിന്റെ വിവരം കേട്ടതും താന്‍ ഞെട്ടിപ്പോയെന്നും തന്റെ ജീവന്‍ രക്ഷിച്ചതിന് എയര്‍പോര്‍ട്ട് ജീവനക്കാരോടും ദൈവത്തോടും നന്ദി പറയുന്നതായും അഡ്രിയാനോ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഇവിടെ 9.40 ആയപ്പോഴേക്കും എത്തി. അപ്പോഴേക്കും വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. പിന്നീടാണ് അപകടത്തിന്റെ വിവരം താന്‍ അറിഞ്ഞത്. വിമാനത്തിലേക്ക് കടത്തിവിടാത്ത ബോര്‍ഡിംഗ് ഗേറ്റിലെ എയര്‍പോര്‍ട്ട് ജീവനക്കാരന് നന്ദി”- ഇതായിരുന്നു സംഭവത്തെക്കുറിച്ച് അഡ്രിയാനോയുടെ പ്രതികരണം.
അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെ സംസാരിക്കാന്‍ താന്‍ ഉണ്ടാകുമായിരുന്നില്ലെന്നും അഡ്രിയാനോ പറഞ്ഞു. അഡ്രിയാനോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി വോപാസ് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം വിലയിരുത്തുന്നതിനാണ് പ്രഥമ പരിഗണന. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയന്‍ മിലിട്ടറി പോലീസ് ഉദ്യോഗസ്ഥന്‍ എമേഴ്സണ്‍ മസേറ പറഞ്ഞു.


