29
Mar 2024
Fri
29 Mar 2024 Fri
P. Sarath Chandra Reddy

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുടുക്കിയ മദ്യ നയ കേസില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തിയ കൂടുതല്‍ കളികള്‍ പുറത്തുവരുന്നു. കേസില്‍ കെജ്‌രിവാളിനും ആപ്പ് നേതാക്കള്‍ക്കുമെതിരേ മാപ്പ് സാക്ഷിയായ പി ശരത് ചന്ദ്ര റെഡ്ഡിയുടെ കമ്പനി അരബിന്ദോ ഫാര്‍മ ലിമിറ്റഡ് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി 44.5 കോടി രൂപ നല്‍കിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. (Businessman Who Turned Approver in Delhi Liquor Policy Case Donated Rs 44.5 Crore to BJP )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്യനയ കേസില്‍ 2022 നവംബര്‍ 10ന് ശരത് ചന്ദ്ര റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ നവംബര്‍ 15ന് അരബിന്ദോ ഫാര്‍മ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് അഞ്ച് കോടി രൂപയാണ്.

ഡല്‍ഹി ഹൈകോടതിയില്‍ ശരത് റെഡ്ഡിയുടെ കേസ് വന്നപ്പോള്‍ ഇഡി എതിര്‍ത്തില്ല. 2023 മെയില്‍ ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ച് കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി. തുടര്‍ന്ന് ജൂണ്‍ മാസമാണ് ശരത് റെഡ്ഡി കേസില്‍ മാപ്പ് സാക്ഷിയായതും കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ മൊഴി നല്‍കിയതും. രണ്ട് മാസത്തിന് ശേഷം അദ്ദേഹത്തിന്റെ മരുന്ന് കമ്പനി ബിജെപിക്ക് 25 കോടി രൂപ കൂടി നല്‍കി.

അറസ്റ്റിന് മുമ്പ് ഭാരത് രാഷ്ട്ര സമിതിക്കും തെലുഗു ദേശം പാര്‍ട്ടിക്കും ഇലക്ടറല്‍ ബോണ്ട് വഴി അരബിന്ദോ ഫാര്‍മ പണം നല്‍കിയിരുന്നു. ആകെ 62 കോടി രൂപയുടെ ബോണ്ടുകളാണ് ശരത് റെഡ്ഡിയുടെ കമ്പനി വാങ്ങിയത്. ഇതില്‍ 44.5 കോടിയും ബിജെപിക്ക് ലഭിച്ചതായാണ് കണക്കുകള്‍ പറയുന്നത്. 15 കോടി ഭാരത് രാഷ്ട്ര സമിതിക്കും 2.5 കോടി തെലുഗുദേശത്തിനും കിട്ടി.