ഭൂപടം കാവിയില്‍ വരച്ച വിവാദം: പ്രതിഷേധിച്ച വിദ്യാര്‍ഥിക്കെതിരായ നടപടി മരവിപ്പിച്ചു, കോഴിക്കോട് NIT രണ്ട് ദിവസത്തേക്ക് അടച്ചിടും
|
കോഴിക്കോട്: അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ഐടി ഈ മാസം നാലുവരെ അടച്ചു. കാവിയില്‍ ഭൂപടം വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടി വിദ്യാര്‍ഥി സംഘടനകളുടെ ഉപരോധത്തെ തുടര്‍ന്ന് അധികൃതര്‍ മരവിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് തീരുമാനം. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസുമായ സംഘര്‍ഷമുണ്ടായിരുന്നു.
വിദ്യാര്‍ഥി നല്‍കിയ അപ്പീലില്‍ തീരുമാനമാകും വരെയാണ് മരവിപ്പിച്ചത്. സസ്‌പെന്‍ഷന്‍ മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ എന്‍ഐടിയിലെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍, ഏരിയ സെക്രട്ടറി യാസിര്‍ എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്യാംപസിന് മുന്നില്‍ പ്രതിഷേധ തെരുവും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ മാര്‍ച്ച് ഗേറ്റിന് മുന്നില്‍ ബാരിക്കേഡുകള്‍വച്ച് പൊലീസ് തടഞ്ഞു.
പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എന്‍ ഐ ടി ക്യാമ്പസിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സയന്‍സ് ആന്‍ഡ് സ്പിരിച്വാലിറ്റി എന്ന ക്ലബ്ബാണ് കഴിഞ്ഞ മാസം 22 ന് ഇന്ത്യയുടെ ഭൂപടം കാവി നിറത്തില്‍ തയാറാക്കിയത്. ഇതിനെതിരെ ‘ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്’ എന്ന പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച ബി ടെക് വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെയും അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റുഡന്റ് ഡീന്‍ നടപടിയെടുത്തത്. അപ്പീല്‍ അതോറിറ്റി വിദ്യാര്‍ഥിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെയാണ് ഈ തീരുമാനം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.


