കൊച്ചി: സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്തതിനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് പരാതി.
|
സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് പരാതി നല്‍കിയത്. തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുള്ള ടീനയുടെ കമന്റ്. സെല്‍റ്റന്‍ എല്‍ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റര്‍ ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ് പോസ്റ്റ് ചെയ്തത്.
‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’- എന്നായിരുന്നു കമന്റ്. നാളെ മുതല്‍ ക്യാപ്റ്റനും ഇറങ്ങുന്നു എന്ന പോസ്റ്റാണ് സെല്‍റ്റന്‍ എല്‍ ഡിസൂസ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രചാരണത്തിന് മുഖ്യമന്ത്രിയും എന്ന ഒരു ടിവി ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു ഡിസൂസയുടെ കുറിപ്പ്.
ടീന ജോസിനെ തള്ളി സിഎംസി
അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്ത് എത്തി. ടീന ജോസിന്റെ അംഗത്വം 2009ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണ്. സന്യാസ വസ്ത്രം ധരിക്കാന്‍ അനുവാദമില്ലാത്തയാളാണ് ടീന. ടീന ജോസ് ചെയ്യുന്ന കാര്യങ്ങളില്‍ സിഎംസിക്കു പങ്കില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.


