10
Sep 2023
Fri
10 Sep 2023 Fri

നായ വളര്‍ത്തലിന്റെ മറവില്‍ കഞ്ചാവ് വില്‍പന; മുഖ്യപ്രതി റോബിന്‍ ജോര്‍ജ് അറസ്റ്റില്‍
കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ കേസിലെ മുഖ്യപ്രതി റോബിന്‍ ജോര്‍ജ് (28) അറസ്റ്റില്‍. അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവിനെ ചോദ്യം ചെയ്തിലൂടെയാണ് റോബിന്‍ എവിടെയാണെന്നുള്ള വിവരം പൊലീസിന് കിട്ടിയത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം. രണ്ട് തവണയാണ് പ്രതി പൊലീസിന്റെ കണ്‍മുന്നില്‍ നിന്നും രക്ഷപ്പെട്ടത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു കുമാരനെല്ലൂരുള്ള പ്രതി നടത്തുന്ന ഡോഗ് ഹോസ്റ്റലില്‍ പൊലീസ് പരിശോധന നടത്തിയത്. പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട ശേഷം മീനച്ചിലാറ്റില്‍ ചാടിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. പുലര്‍ച്ചെ കൊശമറ്റം കോളനിയുടെ ഭാഗത്തുവച്ച് മീനച്ചിലാറ്റില്‍ ചാടുകയായിരുന്നു. 50 മീറ്ററിലധികം വീതിയുള്ള ആറു നീന്തി അക്കരെയെത്തിയ റോബിന്‍ കോളനിക്കുള്ളിലൂടെ എത്തിയ ഓട്ടോയില്‍ കയറിപ്പോയതായി പൊലീസ് കണ്ടെത്തി.

പരിശോധനയില്‍ ഇവിടെ നിന്നും 18 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടില്‍ 13 ഇനം വമ്പന്‍ വിദേശനായകളാണ് ഉണ്ടായിരുന്നത്. പൊലീസും എക്‌സൈസും എത്തിയാല്‍ ആക്രമിക്കാന്‍ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നു. കാക്കി വസ്ത്രം കണ്ടാല്‍ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കള്‍ക്കു റോബിന്‍ നല്‍കിയിരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് വ്യക്തമാക്കി.

റോബിനെതിരെ ലഹരിവസ്തുക്കള്‍ കൈവശം വയ്ക്കുന്നതിനെതിരായ എന്‍ഡിപിഎസ് നിയമപ്രകാരം പൊലീസ് കേസും റജിസ്റ്റര്‍ ചെയ്തു. കൊശമറ്റം കോളനിക്കുള്ളിലാണു റോബിന്റെ സ്വന്തം വീട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക