09
Mar 2023
Fri
09 Mar 2023 Fri

തൃശൂര്‍: ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയില്‍ തീവ്ര ക്രിസ്ത്യൻ സം​ഘടനയായ കാസയും. കക്കുകളി നാടകത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന സെമിനാറിലാണ് കാസാ സംസ്ഥാന അധ്യക്ഷന്‍ കെവിന്‍ പീറ്ററും പങ്കെടുക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തൃശൂര്‍ എലൈറ്റ് ഹോട്ടലിലാണ് സെമിനാര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ വൈസ് ചാന്‍സലറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍, സീറോ മലബാര്‍ സഭ മുന്‍ പിആര്‍ഒ പി ഐ ലാസര്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിക്കും. ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ ആണ് സംഘാടകര്‍.

ഫ്രാന്‍സിസ് നൊറോണയുടെ കഥയുടെ ആവിഷ്‌കാരമാണ് ‘കക്കുകളി’ എന്ന നാടകം. അടുത്തിടെ അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. കന്യാസ്ത്രീ മഠത്തില്‍ എത്തുന്ന പെണ്‍കുട്ടി നേരിടുന്ന പ്രയാസങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. ‌

നേരത്തെ, തിരുവനന്തപുരത്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ഐക്യവേദി നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ഹിന്ദു കോൺ​ക്ലേവിലും കാസ പങ്കെടുത്തിരുന്നു. മുസ്‍ലിം വിരുദ്ധ വിഷയങ്ങൾ ചർച്ച ചെയ്യുകയും വ്യാജ-വിദ്വേഷ പ്രചാരണങ്ങൾ നടക്കുകയും ചെയ്ത ഏപ്രിൽ 29ലെ സെമിനാറിലാണ് തീവ്ര ക്രിസ്ത്യൻ കൂട്ടായ്മയായ കാസ നേതാക്കൾ പങ്കെടുത്തത്.

ലൗ, ലാന്‍ഡ് ജിഹാദ് ആന്‍ഡ് ഹലാല്‍ എക്കണോമി എന്ന വിഷയത്തെക്കുറിച്ചായിരുന്നു കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ സംസാരിച്ചത്. സംഘ്പരിവാറുമായി അടുത്ത ബന്ധം പുലർത്തുന്ന കാസയുൾപ്പെടെയുള്ള തീവ്ര സ്വഭാവത്തിലുള്ള സംഘടനകളെ ഉൾപ്പെടുത്തിയാണ് ബിജെപി പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക