ജോജു ജോര്‍ജ് ചിത്രമായ ആന്റണിക്കെതിരെ ക്രിസ്ത്യന്‍ തീവ്രവാദസംഘടനയായ ‘കാസ’;
|
കോട്ടയം: ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായി പുറത്തിറങ്ങിയ ‘ആന്റണി’ എന്ന ചിത്രത്തിനെതിരെ വിമര്‍ശവുമായി ക്രിസ്ത്യന്‍ തീവ്രവാദസംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രംഗത്ത്. സിനിമയില്‍ ബൈബിബിളിനെ അവഹേളിക്കുന്ന രംഗമുണ്ടെന്നാണ് കാസയുടെ ആരോപണം. വിശുദ്ധ ബൈബിള്‍ ആയതുകൊണ്ട് ജോഷിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും മറ്റൊരു സമുദായത്തിന്റെ മതഗ്രന്ഥം ആയിരുന്നുവെങ്കില്‍ ചിത്രം കേരളത്തില്‍ ഒരു തിയറ്ററിലും പ്രദര്‍ശിപ്പിക്കില്ലായിരുന്നെന്നും കാസ പറയുന്നു. ഇതിനെല്ലാം പ്രധാന കാരണക്കാര്‍ വിശ്വാസികളെ ഉണര്‍ത്താത്ത പുരോഹിതരാണെന്നാണ് കാസയുടെ പ്രസ്താവന.
ചിത്രത്തിലെ ഒരു രംഗത്തില്‍ തോക്ക് ഒളിപ്പിക്കുന്നതിനായി വിശുദ്ധ ബൈബിള്‍ മുറിച്ചു തുരന്ന് അറ ഉണ്ടാക്കിയതായി ചിത്രീകരിച്ചതാണ് കാസ ചിത്രത്തിനെതിരെ രംഗത്തുവന്നത്. പൊതുവേ ക്രിസ്ത്യന്‍ വിശ്വാസങ്ങളോട് തന്റെ സിനിമകളില്‍ മാന്യത പുലര്‍ത്തിയിരുന്ന സംവിധായകന്‍ ജോഷിയും അവസാനമിതാ വിശുദ്ധ ബൈബിള്‍ അവഹേളിക്കുന്ന രംഗം തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ആരാണ് ഇതിന്റെ പ്രധാന കാരണക്കാരെന്നും കാസ ചോദിക്കുന്നു.
സ്വന്തം വിശ്വാസത്തെ നിലനിര്‍ത്താന്‍ സിറിയയിലും ഇറാഖിലും നൈജീരിയയിലും എല്ലാം വൈദികരും കന്യാസ്ത്രീകളും തീവ്രവാദികളുടെ യന്ത്രതോക്കുകള്‍ക്കു മുന്നില്‍ നിര്‍ഭയം പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ ഈ രാജ്യത്ത് സ്വന്തം വിശ്വാസങ്ങളെ അവഹേളിക്കുവാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ അതിനെതിരെ ജനാധിപത്യരീതിയില്‍ പോലും പ്രതിഷേധിക്കാന്‍ തുനിയാത്ത നേതൃത്വങ്ങള്‍ ആയിരിക്കും ഈ മണ്ണിലെ ക്രൈസ്തവ സമൂഹത്തിന്റെ അധപതനത്തിന്റെ കാരണക്കാരെന്നും പ്രസ്താവന കുറ്റപ്പെടുത്തി.


