21
Sep 2022
Wed
21 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചാബിലെ ലവ്‌ലി പ്രഫഷണൽ സർവകലാശാലയിൽ മലയാളി വിദ്യാർഥി അഖിൻ എസ് ദിലീപിന്റെ ആത്മഹത്യയിൽ കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണയ്‌ക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യാ കുറിപ്പിൽ പ്രസാദ് കൃഷ്ണയ്ക്കെതിരായ ​ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

 

എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തി എന്നാണ് വിദ്യാർഥി തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. വൈകാരിമായി തെറ്റിദ്ധരിപ്പിച്ച് പഠനം നിർത്തിച്ചു എന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ചേർത്തല പള്ളുരുത്തി സ്വദേശി ദിലീപിന്റെ മകൻ അഖിനെ (21) ഇന്നലെയാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലാണ് പ്രഫ. പ്രസാദ് കൃഷ്ണയ്ക്കെതിരെ ​ഗുരുതര ആരോപണമുള്ളത്.

 

അതേസമയം, പ്രഫ. പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്തു നിന്ന് മാറിനിൽക്കണമെന്ന് എൻഐടി വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍ഐടിയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലവ്‌ലി പ്രഫഷണൽ സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് മരിച്ച അഖിൻ.

 

നേരത്തെ എൻഐടിയിലെ ബിടെക് വിദ്യാർഥിയായിരുന്നു. പിന്നീട് ഇവിടുത്തെ പഠനം അവസാനിപ്പിച്ചാണ് പഞ്ചാബിലേക്ക് പോയത്. അതേസമയം, ഡയറക്ടർക്കെതിരെ ആരോപണമുയർന്നതോടെ വിശദീകരണവുമായി എൻഐടി അധികൃതർ രം​ഗത്തെത്തി. അവസാന വർഷത്തെ പഠനത്തിന് ശേഷവും ആദ്യ വർഷത്തെ പേപ്പറുകൾ പൂർത്തീകരിക്കാൻ അഖിന് സാധിച്ചില്ലെന്നും എൻഐടി ചട്ട പ്രകാരം വിദ്യാർഥിക്ക് കോഴ്‌സിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരുന്നുവെന്നുമാണ് എൻഐടി അധികൃതരുടെ വിശദീകരണം.

 

എന്നാൽ, അന്ന് പഠനം നിർത്താനുള്ള തീരുമാനം തെറ്റായിരുന്നെന്നും അതിൽ ഒരുപാട് ഖേദിക്കുന്നെന്നും അഖിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. എല്ലാവരോടും മാപ്പ് ചോദിക്കുന്നെന്നും കുറിപ്പിലുണ്ട്. എൻഐടിയിൽ നിന്ന് പഠനം നിർത്തിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്നാണ് സർവകലാശാല അധികൃതരുടെ വാദം.

 

അഖിന്റെ മരണത്തിന് പിന്നാലെ സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം നടന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തെ തുടർന്ന് പൊലീസ് കനത്ത സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയത്. പത്തു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണെന്നും, സംഭവം മറച്ചുവയ്ക്കാന്‍ സർവകലാശാല അധികൃതർ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. രാത്രി സർവകലാശാലയിലെത്തിയ പഞ്ചാബ് പൊലീസ് ലാത്തിചാർജ് നടത്തിയെന്നും വിദ്യാർഥികൾ പറഞ്ഞു.

 

അതേസമയം, അഖിന്റെ ബന്ധുക്കൾ ജലന്ധറിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടുനല്‍കും. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കപൂർത്തല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചാബിലെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കേസന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ലവ്‌ലി പ്രഫഷണല്‍ സർവകലാശാല അധികൃതരും അറിയിച്ചു.