26
Sep 2024
Sun
26 Sep 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: അദ്യം കൊലവിളിയുടെ പേരിൽ സിപിഎം പ്രവർത്തകർക്ക് എതിരെ കേസ്, പിന്നാലെ ഫോൺ ചോർത്തിയതിന് കലാപശ്രമത്തിന് കേസ്, ഇതേസമയം അൻവറിൻ്റെ വീടിനു ചുറ്റും വൻ പോലിസ് സന്നാഹവും… ഇതോടെ വൈകീട്ട് പിവി അൻവർ വിളിച്ചുചേർത്ത വിശദീകരണ സമ്മേളനത്തിലേക്ക് രാഷ്ട്രീയ കേരളത്തിൻ്റെ മുഴുവൻ ശ്രദ്ധയും പതിഞ്ഞിരിക്കുക ആണ്. ഫോണ്‍ ചോര്‍ ത്തലിൻ്റെ പേരിൽ ആണ് പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് നടപടി. അന്‍വറിന്റെ വെളിപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യതയുടെ ലംഘനമെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് കേസെടെത്തതെന്നു പോലിസ് പറഞ്ഞു.

പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി, എന്നിട്ട് ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു. കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയേക്കും.

ഇതേസമയം
അൻവർ എംഎൽഎയുടെ എടവണ്ണയിലെ വീടിന് ആണ് പോലിസ് സുരക്ഷ ഒരുക്കിയത്. സുരക്ഷയൊരുക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി ആണ് ഉത്തരവിട്ടത്. അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ നേരത്തേ അപേക്ഷ നൽകിയിരുന്നു. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.

ഒരു ഓഫീസർ, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോ​ഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവിൽ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യണമെന്നാണ് ഉത്തരവ്. സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പിയുടെ ഉത്തരവിൽ പറയുന്നു.

അൻവർ പ്രഖ്യാപിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത് എന്നാണ് അൻവർ പറഞത്. പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു.