തൃശൂർ: ചാലക്കുടി എസ്‌ഐയ്‌ക്കെതിരായ ഭീഷണി പ്രസംഗത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി പൊലീസാണ് കേസെടുത്തത്. ചാലക്കുടി എസ്ഐ അഫ്സലിനെതിരെയായിരുന്നു ഹസൻ മുബാറക്കിന്റെ ഭീഷണി.
|
എസ്ഐയുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും തെരുവു പട്ടിയെപോലെ തല്ലുമെന്നുമായിരുന്നു ഹസൻ മുബാറക്കിന്റെ ഭീഷണി. എസ്എഫ്ഐ പ്രവർത്തകർ പൊലീസിന് എതിരെ ചാലക്കുടിയിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം. കഴിഞ്ഞദിവസമായിരുന്നു ഹസൻ മുബാറക്കിന്റെ ഭീഷണി.
ഭീഷണി പ്രസംഗത്തിൽ കേസെടുക്കാൻ പൊലീസ് ആദ്യം തയാറായിരുന്നില്ല. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് ഹസൻ മുബാറക്കിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.
ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ചാലക്കുടി ടൗണിൽ എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. എസ്ഐ അഫ്‌സലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക, പൊലീസ് നരനായാട്ടിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു എസ്എഫ്ഐ പ്രതിഷേധം.





