‘ആദിവാസി കാട്ടില്‍ എന്നത് പോലെ സോറന് ജയിലില്‍’; ആദിവാസി വിരുദ്ധ പരാമര്‍ശത്തില്‍ ആജ് തക് അവതാരകന് സുധീര്‍ ചൗധരിക്കെതിരെ കേസ്; സുധീര്‍ എന്നും വിവാദനായകന്‍, കേരളത്തിലും കര്‍ണാടകയിലും മുമ്പ് കേസ്
|
റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയ ആജ് തക് അവതാരകന് സുധീര്‍ ചൗധരിക്കെതിരെ പൊലിസ് പരാതി. സോറന് അറസ്റ്റിലായ ബുധനാഴ്ച ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ സുധീര്‍ ആദിവാസി സമൂഹത്തെ അവഹേളിച്ച് നടത്തിയ പരാമര്‍ശത്തില്‍ എസ്.സി എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗോത്രവര്‍ഗ സംഘടനയായ റാഞ്ചിയിലെ ആദിവാസി സേനയാണ് പരാതി നല്‍കിയത്.
ഗോത്രവിഭാഗത്തില്‍പ്പെട്ട സോറന് കുടുംബത്തിന് സംവരണം നല്‍കണോ അതോ എസ്.സി, എസ്.ടി നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കണോയെന്നുള്ള പരിഹാസത്തോടെയാണ് സുധീര്‍ ചൗധരി ചര്‍ച്ച തുടങ്ങിത്. തുടര്‍ന്ന് നിരവധി അവഹേളനപരാമര്ശങ്ങളാണ് അദ്ദേഹം നടത്തിയത്. 20, 30, 40 വര്‍ഷങ്ങള്‍ മുമ്പ് ആദിവാസികള്‍ കാട്ടിനുള്ളില്‍ കഴിഞ്ഞത് പോലെ ഹേമന്ത് സോറന് ജയിലില്‍ പോകുകയാണെന്നും സുധീര്‍ പറഞ്ഞു. സ്വകാര്യ വിമാനങ്ങളിലും ആഢംബര കാറുകളിലും യാത്ര ചെയ്തിരുന്ന സോറന് ഇനി കഠിനമായ രാത്രിയായിരിക്കും- സുധീര്‍ പരിഹസിച്ചു.
സുധീറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗോത്രവര്‍ഗവിഭാഗങ്ങള്‍ എന്നും കാട്ടില്‍ കഴിയുകയും ലളിതജീവിതം നയിക്കുകയും ചെയ്യണമെന്ന വരേണ്യബോധത്തിന്റെ പ്രതിഫലനമാണ് സുധീറിന്റെ പരിഹാസമെന്നാണ് വിമര്‍ശനം. ഒരുസമയം അദ്ദേഹത്തിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹാഷ് ടാഗ് ട്വിറ്റര്‍ ട്രെന്‍ഡില്‍ മുന്നിലെത്തി.
ചാനല്‍ചര്‍ച്ചകളില്‍ സംഘ്പരിവാരിനെ അനുകൂലിച്ചും പിന്നോക്ക, ന്യൂനപക്ഷവിഭാഗങ്ങളെ പരിഹസിച്ചുമുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മുമ്പും സുധീര്‍ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. നേരത്തെ സീ ന്യൂസ് എഡിറ്ററായിരിക്കെ വര്ഗീയപരാമര്ശങ്ങളുടെ പേരില്‍ കോഴിക്കോട് കസബ പൊലിസ് അദ്ദേഹത്തിനെതിരേ കേസെടുച്ചിരുന്നു. വ്യാജപ്രചാരണത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം കര്‍ണാടക സര്‍ക്കാരും കേസെടുത്തിരുന്നു.





