11
Sep 2024
Sun
11 Sep 2024 Sun

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ എട്ട് ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരുടെ നിയമനം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നിതിന്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ജനുവരി 23ന് ബോംബെ ഹൈക്കോടതി ജഡ്ജിയായ നിതിന്‍ ജാംദാര്‍, നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനംചെയ്തുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും, ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും, ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് രാജീവ് ഷക്‌ധേറെ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും, ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുരേഷ് കൈതിനെ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായും, പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജി ഗുര്‍മീത് സിങ് സാന്ധവാലിയയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും, ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് താഷി റബ്‌സ്താനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായും, ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ആര്‍ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാനുള്ള ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.

കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍ തീരുമാനമെടുക്കാതെ തടഞ്ഞുവച്ച സര്‍ക്കാരിന്റെ നടപടിയെ വെള്ളിയാഴ്ച രൂക്ഷമായ ഭാഷയില്‍ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. ജുഡീഷ്യല്‍ നിയമനങ്ങള്‍ക്കായി കൊളീജിയം ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥികളുടെ പേരും എണ്ണവും സംബന്ധിച്ച വിശദാംശങ്ങളും, ഈ വ്യക്തികളെ ഇതുവരെ പരിഗണിക്കാത്തതിന്റെ കാരണവും അപേക്ഷകളുടെ തല്‍സ്ഥിതിയും സംബന്ധിച്ച വിശദാംശങ്ങളും നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.

ചട്ടപ്രകാരം ചീഫ് ജസ്റ്റിസ് അധ്യക്ഷനും മറ്റുമുതിര്‍ന്ന നാലുജഡ്ജിമാര്‍ അംഗങ്ങളുമായ സുപ്രിംകോടതി ആവര്‍ത്തിച്ചുനല്‍കുന്ന പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ്. ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം നല്‍കിയ പേരുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തിരച്ചയച്ചിരുന്നു. ഇതേ പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശചെയ്‌തെങ്കിലും ആ പട്ടികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കാത്ത നടപടിയാണ് സുപ്രിംകോടതിയെ ചൊടിപ്പിച്ചത്. ആവര്‍ത്തിച്ചുള്ള പേരുകള്‍ അംഗീകരിക്കുന്നതില്‍ എന്താണ് നിങ്ങളുടെ ബുദ്ധിമുട്ടെന്ന് വ്യക്തമാക്കണം. ശുപാര്‍ശകളിലുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ട് തരൂ. കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല- കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയോട്  ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറയുകയുണ്ടായി.

ഇതുസംബന്ധിച്ച ഒന്നിലധികം ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. കൊളീജിയം ശുപാര്‍ശ ചെയ്യുന്ന ജഡ്ജിമാരുടെ നിയമനം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ഹര്‍ഷ് വിഭോര്‍ സിംഗാള്‍ സമര്‍പ്പിച്ച ഹരജിയും കോടതിയുടെ മുമ്പാകെയുണ്ട്. ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവുവിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം നല്‍കിയ ശുപാര്‍ശ അംഗീകരിക്കാത്തത് ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാരിനെതിരെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസും ഇതോടൊപ്പമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

Central Government has accepted the recommendation of the Chief Justice of Kerala High Court

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക