21
Sep 2022
Sat
21 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയ്: മാവേലിക്കെതിരെയും വാമനനെ വാഴ്ത്തിയും ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരൻ. മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്ന് വി മുരളീധരൻ പറഞ്ഞു. മഹാബലിയും ഓണവുമായും ഒരു ബന്ധമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

 

ബി.ജെ.പി അനുകൂല പ്രവാസി സംഘടനയായ ഐ.പി.എഫ് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. ‘കേരളത്തിൽ നൂറ്റാണ്ടുകളായി ഓണാഘോഷം നടന്നതിന് ചരിത്രമുണ്ട്. എന്നാൽ, ഓണത്തിന് മഹാബലിയുമായുള്ള ബന്ധം ആർക്കും കണ്ടെത്താനായിട്ടില്ല. അറിയപ്പെടുന്ന ചരിത്രപ്രകാരം നർമദാനദിയുടെ തീരപ്രദേശങ്ങൾ ഭരിച്ചയാളാണ് അദ്ദേഹം. അതു മധ്യപ്രദേശിന്റെ ഭാഗങ്ങളിലാകും’- കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

 

മഹാബലി നർമദാ തീരദേശം ഭരിച്ചതിനെക്കുറിച്ച് ഭാഗവതത്തിൽ പറയുന്നുണ്ട്. ഉദാരമതിയും പൗരന്മാർക്ക് ഒരുപാട് നന്മകൾ ചെയ്തയാളുമാണ് അദ്ദേഹം. എല്ലാ നന്മകളും കേരളത്തിൽനിന്ന് ആകണമെന്ന മലയാളിയുടെ ചിന്തയുടെ ഭാഗമാകാം മഹാബലിയെയും ഇങ്ങോട്ട് എടുത്തത്. മഹാബലി കേരളം ഭരിച്ചതായി ചരിത്രമില്ല.

 

നൂറ്റാണ്ടുകളായുള്ള കോളനി ഭരണത്തിന്റെ തുടർച്ചയായി ഒരുപാട് ചരിത്രയാഥാർഥ്യയങ്ങൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. വാമനനെ വില്ലനാക്കിയത് അങ്ങനെയാണ്. വാമനൻ മഹാബലിക്ക് മോക്ഷം നൽകിയെന്നാണ് ഭാഗവതം പറയുന്നത്. ഓണത്തെക്കുറിച്ചുള്ള കഥകൾ ഭാഗികമായി കെട്ടുകഥകളും ഭാഗികമായി രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്ന് കടമെടുത്തതുമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

 

കേരളീയരുടെ ഓണ സങ്കൽപത്തിനും മഹാബലിക്കുമെതിരായ ബിജെപി- സംഘ്പരിവാർ നിലപാട് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് വി മുരളീധരൻ അഭിപ്രായം. ഓണം വാമന ജയന്തിയാണെന്ന ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. 2016ൽ ആയിരുന്നു ഇത്.

 

പിന്നാലെ തിരുവോണത്തിന്റെ തലേ ദിവസം മലയാളികൾക്ക് വാമനജയന്തി ആശംസ നേര്‍ന്ന് അന്നത്തെ ബിജെപി ദേശീയ പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രം​ഗത്തെത്തിയിരുന്നു. മഹാബലിയെ വാമനന്‍ ചവിട്ടിത്താഴ്ത്തുന്ന ചിത്രം സഹിതമായിരുന്നു അമിത് ഷായുടെ പോസ്റ്റ്. ഇവരെ കൂടാതെ, ആര്‍എസ്എസ് മുഖപത്രമായ കേസരിയും വാമനജയന്തി വാദവുമായി രംഗത്തുവന്നിരുന്നു.