രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ആഗോളതലത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്തിനും കത്തയച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ യാത്ര അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്ര ഇന്ന് ഹരിയാനയില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് കേന്ദ്ര മുന്നറിയിപ്പുണ്ടായിരിക്കുന്നത്.
|
യാത്രയില്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം, വാക്‌സിനേഷന്‍ എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്ന മുന്നറിയിപ്പും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം നരേന്ദ്രമോദിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് റാലികളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നുവോയെന്ന് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. മാണ്ഡവ്യക്ക് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും അതില്‍ ജനങ്ങള്‍ അണിചേരുന്നതും ഇഷ്ടമില്ലാത്തതിനാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.



