ഗവര്‍ണര്‍ പിടിവാശി ഉപേക്ഷിച്ചു; ജാര്‍ഖണ്ഡില്‍ ചംപായ് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
|
റാഞ്ചി: ഇ.ഡി അറസ്റ്റ്‌ചെയ്ത മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ജാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂട്ടാക്കാതെ പിടിവാശി കാണിച്ച ഗവര്‍ണര്‍ അയഞ്ഞതോടെ, ജെഎംഎം നേതാവ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ചംപായ് സോറനെ ഇന്നലെ രാത്രിയോടെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. പത്തു ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ, ഭൂരിപക്ഷം വ്യക്തമാക്കി 43 എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തിയിട്ടും ചംപയ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നില്ല. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
തുടര്‍ന്ന് വിശ്വസ്തനായ ചംപായ് സോറനെ അടുത്ത മുഖ്യമന്ത്രിയായി ജെഎംഎം നേതൃയോഗം നിശ്ചയിച്ചു. ഇക്കാര്യം അറിയിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തിരുന്നു. ജെഎംഎമ്മിലെ ഉള്‍പ്പോര് മുതലെടുക്ക് ബിജെപി അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.





