ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും. ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തുല്യശക്തികളും തുല്യദുഃഖിതരുമാണ്. ഏകദിനത്തില്‍ ഇന്ത്യ കിരീടംനേടിയിട്ട് 12 വര്‍ഷമായി. ന്യൂസീലന്‍ഡാകട്ടെ ഇതുവരെ നേടിയ ഒരേയൊരു ഐ.സി.സി കിരീടം ചാമ്പ്യന്‍സ് ട്രോഫിയുമാണ്. 2000ത്തില്‍ നെയ്‌റോബിയില്‍നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് അന്ന് ജേതാക്കളായത്. കാല്‍നൂറ്റാണ്ടിനുശേഷം ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുടീമുകളും വീണ്ടും മുഖാമുഖംവരുമ്പോള്‍, പഴയ കണക്ക് ചോദിക്കുകയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും മുന്നിലുള്ളത്.
|
തുല്യശക്തികളാണ് കീവീസും ഇന്ത്യയുമെങ്കിലും നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് നേരിയ മേല്‍ക്കൈയുണ്ട്. അതേസമയം ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തില്‍ ന്യൂസിലന്‍ഡാണ് മുന്നില്‍. നാല് മത്സരങ്ങളില്‍ മൂന്നിലും കിവീസിനൊപ്പമായിരുന്നു ജയം.
ഇരുടീമുകളും 119 തവണ മുഖാമുഖം കണ്ടപ്പോള്‍ ഇന്ത്യ 61 കളി ജയിച്ചു. കിവീസ് 50 എണ്ണത്തിലും വിജയിച്ചു. അവസാന പത്തു കളിയില്‍ 64ന് ഇന്ത്യക്കാണ് മുന്‍തൂക്കം. ഫീല്‍ഡിങ്ങിലെ മികവാണ് കിവീസിനെ വ്യത്യസ്തരാക്കുന്നത്. മിച്ചല്‍ സാന്റ്‌നറാണ് കിവീസ് നായകന്‍. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര എന്നിവരുടെ ബാറ്റിങ്ങ് ഫോമാണ് കിവീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ബൗളര്‍മാരില്‍ പേസര്‍ മാറ്റ് ഹെന്റിയാണ് വജ്രായുധം.
വിരാട് കോഹ് ലിയാണ് ബാറ്റര്‍മാരില്‍ മുന്നില്‍. നാലു കളിയില്‍ 217 റണ്‍സ്. ശ്രേയസ് അയ്യര്‍ 195 റണ്ണെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലും (157) ഫോമിലാണ്. നാല് സ്പിന്നര്‍മാരുമായി കളിക്കാനാണ് സാധ്യത. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന്റെ കുന്തമുന.
ഏതെങ്കിലും കാരണവശാല്‍ കളിമുടങ്ങിയാല്‍ റിസര്‍വ് ദിനമായ നാളെയാകും മത്സരം നടക്കുക.
Champions Trophy: India vs New Zealand final in Dubai today; Rohit and team to settle old scores


