പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പമ്പയില്‍ നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മല ചവിട്ടാനെത്തിയത്. അയ്യന്റെ സന്നിധിയിലെത്തിയ ശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമലയിലെത്തുന്നത്. കഴിഞ്ഞ തവണയും അയ്യന്റെ സന്നിധിയിലെത്തിയിരുന്നു ചാണ്ടി ഉമ്മന്‍. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍, ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കര്‍ എന്നിവര്‍ക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് ചാണ്ടി ഉമ്മന്‍ സന്നിധാനത്ത് എത്തിയത്.
|
2022ലാണ് ചാണ്ടി ഉമ്മന്‍ ആദ്യമായി മലകയറി ദര്‍ശനം നടത്തിയത്. പിന്നെ പറ്റിയില്ല. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി. പതിനെട്ടാംപടി കയറി മറ്റുള്ള തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യു നിന്നു സോപാനത്ത് എത്തിയപ്പോഴാണ് അവിടെനിന്ന പൊലീസുകാര്‍ ചാണ്ടി ഉമ്മനെ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടന്നു പറഞ്ഞ് തൊഴുത് നീങ്ങി. മാളികപ്പുറത്തേക്ക് പോയപ്പോള്‍ മറ്റു തീര്‍ഥാടകര്‍ തിരിച്ചറിഞ്ഞു. പലര്‍ക്കും ഒപ്പം നിന്നു ഫോട്ടോയും സെല്‍ഫിയും എടുക്കണം. അവരോടൊപ്പം മാളികപ്പുറത്ത് ദര്‍ശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ മടങ്ങിയത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മനഃപൂര്‍വം മാറ്റിനിര്‍ത്തിയതായി കഴിഞ്ഞദിവസം വ്യക്തമാക്കിയല്ലോ എന്നു ചോദിച്ചപ്പോള്‍ അതിനെക്കുറിച്ചൊന്നും പറയണ്ടെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്‍പേ എല്ലായിടത്തുനിന്നും മാറ്റി നിര്‍ത്താന്‍ തുടങ്ങി. ഞാന്‍ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്തിട്ടില്ല. കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ല. സങ്കടമോചകനല്ലേ…അയ്യപ്പ സ്വാമി. എല്ലാം സ്വാമിയുടെ സന്നിധിയിലാണ്- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Chandy Oommen visits Sabarimala; sees Ayyappa and pays homage


