|
വാഷിങ്ടൺ: തന്റെ വലം കൈയ്യും ഇന്ത്യാ വിരുദ്ധനും ആയ ചാർലി കിർക്കിന്റെ കൊലപാതകത്തിന് പിന്നിൽ തീവ്ര ഇടതുപക്ഷക്കാരെന്ന് ആരോപിച്ചു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ മാത്രമല്ല, പിന്നിൽ പ്രവർത്തിച്ചവരേയും വെറുതെവിടില്ലെന്നും ട്രംപ് പറഞ്ഞു. കിർക് രക്തസാക്ഷിയും ദേശസ്നേഹിയുമാണ്. തീവ്ര ഇടതുപക്ഷം നിരവധി നിരപരാധികളുടെ ജീവനാണ് കവർന്നത്. ലിബറൽ ചിന്താഗതിക്കാരാണ് ഇവർക്ക് പ്രോത്സാഹനം നൽകുന്നത്. രാജ്യത്തിനെതിരായ ഈ തീവ്രവാദം അവസാനിപ്പിച്ചേ മതിയാകുവെന്നും ട്രംപ് പറഞ്ഞു.
ചാർളി കിർക്കിന്റെ കൊലപാതകത്തിൽ പങ്കുള്ള വ്യക്തിയുടെ പുതിയ വീഡിയോയും ചിത്രങ്ങളും യൂട്ടായിലെ പോലീസ് പുറത്തുവിട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ ഒരു ചർച്ചയിൽ കിർക്ക് സംസാരിക്കുമ്പോഴായിരുന്നു കിർക്കിനെ വെടിവച്ചു കൊന്നത്. മേൽക്കൂരയിൽ നിന്ന് ഒരു റൗണ്ട് വെടിവച്ചുവെന്നും അത് ലക്ഷ്യം വച്ചുള്ള ഒരു കൊലപാതകമാണെന്നും അധികൃതർ പറഞ്ഞു. സംഭവം നടന്നു ഒന്നര ദിവസം ആയിട്ടും വെടിവയ്പ്പ് നടത്തിയ ആൾ ഒളിവിലാണ്, ഇതിൽ പങ്കുള്ളവരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കാരണമാകുന്ന ഏതൊരു വിവരത്തിനും എഫ്ബിഐ 100,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തു. കിർക്കിന്റെ കൊലയാളിയെ പിടികൂടിയതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ നേരത്തെ അവകാശപ്പെട്ടെങ്കിലും പിടിയിലായ ആൾക്ക് പങ്കില്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു.
കിർക്കിന്റെ കൊലപാതകത്തിന് “തീവ്ര ഇടതുപക്ഷ” അംഗങ്ങളെ കുറ്റപ്പെടുത്തുകയും രാഷ്ട്രീയ എതിരാളികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ട്രംപ്, തന്റെ പിന്തുണക്കാരോട് അഹിംസാത്മകമായി തുടരാൻ ആഹ്വാനം ചെയ്തു.
അതിനിടെ, ചാർളി കിർക്ക് വെടിയേറ്റു വീണതിന് പിന്നാലെ ഒരാൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചാർളി വെടിയേറ്റ് വീണതിന് പിന്നാലെ kമറയിലേക്ക് നോക്കി ആഹ്ളാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇയാൾ എഴുന്നേറ്റ് ആര്‍പ്പുവിളിക്കുകയും കൈകളുയർത്തി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ഇയാളെ കണ്ടെത്തണമെന്നാവശ്യം സമൂഹ മാധ്യമങ്ങളില്‍ ശക്തമായി.
2012ൽ തന്റെ 18ാം വയസിലാണ് ചാർലി കിർക്ക് സുഹൃത്ത് വില്ല്യം മോണ്‍ഡ്‌ഗോമെറിക്കൊപ്പം ചേർന്ന് ‘ടേണിങ് പോയിന്റ്’ എന്ന സംഘടനയുണ്ടാക്കിയത്. സംഘടനയ്ക്ക് ഇപ്പോൾ യു.എസിലെ 800ലേറെ കാംപപസുകളിൽ സ്വാധീനമുണ്ട്. സംഘടനയുടെ സ്വാധീനം വർധിച്ചതിനു പിന്നാലെയാണ് ഇദ്ദേഹം യാഥാസ്ഥിതിക വാദത്തെ പിന്തുണച്ച് നേതൃനിരയിലേക്ക് വരുന്നത്. വലതുപക്ഷ യുവ ഇൻഫ്ലുവൻസർമാരും അദ്ദേഹത്തിനൊപ്പം കൂടി. ക്രിസ്ത്യൻ ദേശീയതയെ പ്രോത്സാഹിപ്പിക്കാനായി പെന്തക്കോസ്ത് പാസ്റ്റർ റോബ് മക്കോയിയുമായി ചേർന്ന്, ടേണിങ് പോയിന്റ് ഫെയ്ത്ത് എന്ന സംഘടനയ്ക്കും അദ്ദേഹം രൂപം നൽകി.
‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ൻ’എന്ന ട്രംപിന്റെ മുദ്രാവാക്യം ഏറ്റെടുത്ത ചാർലി, കുടിയേറ്റത്തിനെതിരേ കടുത്ത നിലപാടുകളാണ് സ്വീകരിച്ചത്. യു.എസ് നിറഞ്ഞിരിക്കുകയാണെന്നും അമേരിക്കക്കാർക്ക് മുൻഗണന നൽകേണ്ട സമയമാണെന്നും യു.എസിലേക്ക് ഇനിയും ഇന്ത്യക്കാർ വരേണ്ടെന്നുമുള്ള ചാർലി കിർക്കിന്റെ പ്രഖ്യാപനം വിവാദങ്ങൾക്ക് കാരണമായിരുന്നു. അമേരിക്കക്കാരെ തൊഴിൽമേഖലയിൽ നിന്നു പുറത്താക്കിയതിനു പ്രധാന കാരണം ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റമാണെന്നും ചാർലി കിർക്ക് കുറ്റപ്പെടുത്തി. ‘ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിസകൾ യു.എസിന് ആവശ്യമില്ല. ഇന്ത്യക്കാരുടെ നിയമാനുസൃത കുടിയേറ്റം പോലെ മറ്റൊരു കുടിയേറ്റവും അമേരിക്കക്കാരെ തൊഴിലിടത്തിൽനിന്ന് മാറ്റിനിർത്തിയിട്ടില്ല. മതിയായി, നമ്മൾ നിറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും നമുക്ക് സ്വന്തം ജനങ്ങൾക്ക് മുൻഗണന നൽകാം’ എന്നായിരുന്നു സെപ്റ്റംബർ രണ്ടിലെ കിർക്കിന്റെ എക്സിലെ കുറിപ്പ്.
എക്സിൽ 52 ലക്ഷം ഫോളേവേഴ്സാണ് ചാർലി കിർക്കിനുള്ളത്. ദി ചാർലി കിർക്ക് ഷോ എന്ന പോഡ്കാസ്റ്റിന് ഓരോ മാസവും അഞ്ചു ലക്ഷത്തിലേറെ പ്രേക്ഷകരുണ്ട്. ട്രംപിനു ശക്തമായ പിന്തുണ നൽകുന്ന ഫോക്സ് ന്യൂസ് ചാനലിലും സജീവമായിരുന്നു ചാർലി കിർക്ക്. തോക്ക് നിയന്ത്രണം, ഗർഭഛിദ്രം, എൽ.ജി.ബി.ടി.ക്യു അവകാശങ്ങൾ എന്നിവയ്‌ക്കെതിരായ തന്രെ ശക്തമായ എതിർപ്പുകളും ചാർളി പ്രകടിപ്പിച്ചിരുന്നു. മാര്‍ട്ടിന്‍ ലൂഥർ കിങിനെ വിമർശിച്ചത് വിവാദമായിരുന്നു. കൗൺസിൽ ഫോർ നാഷനൽ പോളിസി (സി.എൻ.പി)യിലും അംഗമായിരുന്നു.
Charlie Kirk murder suspect still on the run as conservatives mourn


