ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16 സീസണുകളില്‍ പത്താം തവണയാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന CSK ഫൈനല്‍ സീറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. 16ല്‍ ചെന്നൈ 14 സീസണുകളാണ് കളിച്ചത്. ഇതില്‍ പത്തിലും ടീം ഫൈനലിലെത്തി. മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. നാല് തവണ ഐപിഎല്ലില്‍ കിരീടം നേടിയ സിഎസ്‌കെ ഇത്തവണ അഞ്ചാം കിരീടം നേടി മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
|
41 വയസ്സ് പിന്നിട്ട ധോണിയുടെ ചെന്ന ടീം ഇന്ന് ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണെന്ന് ഒരിക്കലൂടെ തെളിയിച്ചിരിക്കുകയാണ്. ഐപിഎല്ലിൽ കൂടുതൽ ഫൈനൽ കളിച്ച രണ്ടാമത്തെ ടീം മുംബൈ ഇന്ത്യൻസാണ്. ആറ് തവണയാണ് മുംബൈ ഫൈനൽ കളിച്ചത്. കൊൽക്കത്തയും കോലിയുടെ ബംഗളൂരുവും മൂന്ന് തവണ വീതവും രാജസ്ഥാനും ഹൈദരാബാദും രണ്ട് തവണ വീതവും ഡൽഹി, പഞ്ചാബ്, റൈസിങ് പൂനെ സൂപ്പർ ജയ്ന്റ്സ്, ഗുജറാത്ത് എന്നിവരെല്ലാം ഒരു തവണയുമാണ് ഫൈനൽ കളിച്ചത്.
രണ്ട് സീസണിൽ നിന്ന് വിട്ടുനിന്നിട്ടും കളിച്ച 14ൽ പത്തിലും ചെന്നൈ ഫൈനലിലെത്തിയത് ധോണിയെന്ന ക്യാപ്റ്റന്റെ മിടുക്ക് കൊണ്ട് മാത്രമാണ്. 10 ഐപിഎൽ ഫൈനൽ കളിക്കുന്ന ഏക നായകനാണ് ധോണി. മറ്റാർക്കും എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന നേട്ടമല്ല ധോണി സ്വന്തമാക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം. സിഎസ്‌കെയുടെ ഇതുവരെയുള്ള ചരിത്രം നോക്കുമ്പോൾ 2008ൽ റണ്ണറപ്പുകളായാണ് തുടക്കം. 2009ൽ സെമി ഫൈനൽ, 2010ൽ ചാമ്പ്യന്മാർ, 2011ൽ ചാമ്പ്യന്മാർ, 2012ൽ റണ്ണറപ്പുകൾ, 2013ൽ റണ്ണറപ്പുകൾ, 2014ൽ പ്ലേ ഓഫ്, 2015ൽ റണ്ണറപ്പ്, 2016, 2017 സീസണിൽ വിലക്ക്, 2018ൽ ചാമ്പ്യന്മാർ, 2019ൽ റണ്ണറപ്പുകൾ, 2020ൽ പ്ലേ ഓഫ് കാണാതെ പുറത്ത്, 2021ൽ ചാമ്പ്യന്മാർ, കഴിഞ്ഞതവണ പ്ലേ ഓഫ് കാണാതെ പുറത്ത്, ഇക്കുറി ഫൈനൽ.
2020ൽ ഏഴാം സ്ഥാനക്കാരായി ഫിനിഷ്‌ചെയ്‌തെങ്കിൽ അടുത്തവർഷം ചാമ്പ്യന്മാരായി. കഴിഞ്ഞതവണ ഒമ്പതാം സ്ഥാനത്തായിരുന്നുവെങ്കിൽ ഇത്തവണ ഫൈനലിൽ. ഏതു ക്യാപ്റ്റനും മാനേജ്‌മെന്റും സ്വപ്‌നം കാണുന്ന തിരിച്ചുവരവ്. ഇന്നലെ വലിയ സ്‌കോർ പടുത്തുയർത്താരുന്നിട്ടും സ്പിന്നർമാരെ ഉപയോഗിച്ചാണ് ധോണി മത്സരം തിരിച്ചുപിടിച്ചത്.
അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗജറാത്ത് ടൈറ്റൻസിനെ 15 റണ്ണിന് തോൽപ്പിച്ച് ധോനിപ്പട ഫൈനലിലെത്തിയത്. ചെന്നൈ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് 20 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി.
ബാറ്റിങ് തുടങ്ങി മൂന്നാം ഓവറിൽ സ്‌കോർ 22ൽ നിൽകെ ടൈറ്റൻസിന്റെ ആദ്യ വിക്കറ്റ് വീണു. 11 പന്തിൽ 12റൺസുമായി വൃദ്ധിമാൻ സാഹ പുറത്തായി. പിന്നാലെ എട്ട് റൺസ് മാത്രം നേടി ഹാർദിക് പാണ്ഡ്യയും മടങ്ങി. അതോടെ ടൈറ്റൻസ് 5.5 ഓവറിൽ 41-2 എന്ന നിലയിലായി. ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് റണ്ണുയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 16 പന്തുകൾ നേരിട്ട് 17 റൺസുമായി ദാസുൻ ശനകയും കളം വിട്ടു. പിന്നാലെ എത്തിയ ഡേവിഡ് മില്ലറാകട്ടെ വെറും നാല് റൺസ് മാത്രമാണ് നേടിയത്.
താരങ്ങൾ ഓരോരുത്തരായി കൂടാരം കയറിയപ്പോഴും ?ഗില്ലിന്റെ സാന്നിധ്യം പ്രതീക്ഷ നൽകുന്നതായിരുന്നു. പക്ഷെ, ഈ പ്രതീക്ഷയ്ക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. 38 ബോളിൽ 4 ഫോറും 1 സിക്‌സും സഹിതം 42 റൺസ് നേടിയെങ്കിലും ഗില്ലിന്റെ പുറത്താകൽ ടൈറ്റൻസിന് കനത്ത തിരിച്ചടിയായി. ഈ സമയം 88-5 എന്ന നിലയിൽ ടൈറ്റൻസ് തകർന്നു.
സ്‌കോർബോർഡിൽ 100 കടത്താൻ 15-ാം ഓവർ പിന്നിടേണ്ടിവന്നു. അതിനിപ്പുറം രാഹുൽ തെവാത്തിയയും പുറത്തായി. വെറും മൂന്ന് റൺസ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ എത്തിയ വിജയ് ശങ്കറും റാഷിദ് ഖാനും ചേർന്ന് ചെറിയൊരു പ്രതിരോധം തീർത്തെങ്കിലും 14 റൺസ് കുറിച്ച് ശങ്കർ പുറത്തായതോടെ അതും അവസാനിച്ചു. പിന്നാലെ റണ്ണൊന്നും എടുക്കാതെ ദർശൻ നൽകണ്ഡെയയും മടങ്ങി. 16 പന്തിൽ 30 എടുത്ത് റാഷിദ് ഖാനും പുറത്തായി. അഞ്ച് റൺസുമായി മുഹമ്മദ് ഷമി അവസാന ബോളിൽ പുറത്തായി. ഏഴ് റൺസെടുത്ത നൂർ അഹമ്മദ് പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസ് എടുത്തത്. അർധസെഞ്ച്വറി നേടിയ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 44 പന്തുകൾ നേരിട്ട ഗെയ്ക്വാദ് ഏഴു ഫോറും ഒരു സിക്സും സഹിതം അടിച്ചുകൂട്ടിയത് 60 റൺസ്. ഡിവോൺ കോൺവേ 34 പന്തിൽ നാലു ഫോറുകളോടെ 40 റൺസെടുത്ത് പുറത്തായി. അജിൻക്യ രഹാനെ (10 പന്തിൽ ഒരു സിക്സ് സഹിതം 17), അമ്പാട്ടി റായുഡു (ഒൻപതു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ജഡേജ 16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 22 റൺസുമായി അവസാന പന്തിൽ പുറത്തായി.


