22
Aug 2025
Thu
22 Aug 2025 Thu
Cherthala Sebastian

ആലപ്പുഴ: ഏറ്റുമാനൂര്‍ ജയ്‌നമ്മ തിരോധാന കേസില്‍ പ്രതി സിഎം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദുരൂഹ സാഹചര്യങ്ങളില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസിലെ പ്രതി സെബാസ്റ്റ്യന്റെയും സുഹൃത്ത് റോസമ്മയുടെയും വീട്ടുവളപ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പില്‍നിന്ന് ജെയ്‌നമ്മയുടേതെന്നു സംശയിക്കുന്ന വാച്ചിന്റെ ഭാഗങ്ങള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തറയിലും ഭിത്തിയിലുമായി കൂടുതലിടങ്ങളില്‍ രക്തക്കറയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഒരു ജോഡി റബ്ബര്‍ ചെരിപ്പും കിട്ടി. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭനെ കാണാതായ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചാണ് പോലീസ് സഹകരണത്തോടെ പരിശോധന നടത്തിയത്.

ഭൂമിക്കടിയില്‍ 10 മീറ്റര്‍ ആഴത്തിലുള്ള അസ്വാഭാവിക സാധനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പള്ളിപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വീടിന്റെ തെക്കുഭാഗത്ത് ഒന്‍പതിടങ്ങളിലും വടക്കുകിഴക്കു ഭാഗത്ത് മൂന്നിടത്തും കുഴിച്ചു പരിശോധിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ നാലു വരെയായിരുന്നു സെബാസ്റ്റ്യന്റെ വീട്ടിലെ പരിശോധന.

ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയില്‍ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല. ആദ്യം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൂടാതെ ആലപ്പുഴയിലെ കേസുകളന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയേക്കും.

ചോദ്യങ്ങളില്‍ കുലുങ്ങാതെ സെബാസ്റ്റ്യന്‍

20 charred bones found from Sebastians premises
സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരോധാന കേസുകളില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തുടക്കം മുതല്‍ അന്വേഷണത്തോടുള്ള നിസ്സഹകരണം സെബാസ്റ്റ്യന്‍ ഇപ്പോഴും തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അടിമുടി ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന് കുലുക്കമില്ല. മിക്ക ചോദ്യങ്ങള്‍ക്കും പുഛഭാവത്തിലുള്ള മൗനമാണ് മറുപടി.

പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യന്റെ ഭാര്യയെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.

സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും അന്വേഷണ സംഘം ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്.

ഐഷയുടെയും സെബാസ്റ്റ്യന്റെയും സുഹൃത്തായ റോസമ്മയെ കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണം നടക്കുകയാണ്. റോസമ്മയ്ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും. ആദ്യം അയച്ച ശരീരം അവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലംഇതുവരെ കിട്ടിയിട്ടില്ല.

ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് സെബാസ്റ്റ്യന്റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. റോസമ്മയുടെ വീടിന്റെ ഭാഗത്തും സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. റോസമ്മയുടെ വീടിന്റെ പരിസരം കുഴിച്ച് പരിശോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ബിന്ദു പത്മനാഭനുമായി സെബാസ്റ്റ്യന് ഉണ്ടായിരുന്ന സ്ഥലം ഇടപാടുകള്‍ സംബന്ധിച്ച് ചില വിവരങ്ങള്‍ അറിയാം എന്നായിരുന്നു ഭാര്യ നല്‍കിയ മൊഴി. രണ്ടാം തവണയാണ് ഇവരുടെ മൊഴി എടുക്കുന്നത്.

ഐഷയുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളില്‍ ബിന്ദു പത്മനാഭന്റെതുണ്ടോ എന്ന് പരിശോധിക്കാന്‍ സഹോദരന്‍ പ്രവീണിന്റെ ഡിഎന്‍എ സാമ്പിളുകളം ശേഖരിക്കും. വിദേശത്തുള്ള പ്രവീണിനോട് ഉടന്‍ നാട്ടിലെത്താന്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചെറുപ്പത്തിലേ ക്രിമിനല്‍ സ്വഭാവം
ബന്ധുക്കള്‍ക്ക് ചോറില്‍ വിഷംകലര്‍ത്തി നല്‍കി 17-ാം വയസ്സില്‍ തന്നെ ക്രിമിനല്‍സ്വഭാവം പുറത്തുകാട്ടിയയാളാണ് സെബാസ്റ്റ്യനെന്നു സമീപവാസികള്‍. ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ പ്രതിയായ സെബാസ്റ്റ്യന് പണ്ടുമുതലേ ക്രിമിനല്‍ സ്വഭാവം ഉണ്ടായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പിതാവിന്റെ അടുത്ത ബന്ധുക്കള്‍ക്കാണ് വിഷം നല്‍കിയത്. തലനാരിഴയ്ക്കാണ് അവര്‍ മൂന്നുപേരും രക്ഷപ്പെട്ടതെന്നു പറയുന്നു. തുടര്‍ന്ന്, സഹോദരങ്ങളുമായും അയല്‍വാസികളുമായും സെബാസ്റ്റ്യന്‍ പലഘട്ടത്തിലും തര്‍ക്കമുണ്ടാക്കി.

English News Summary
The custody period of CM Sebastian, the accused in the Ettumanoor Jayanamma disappearance case, will end today. The Crime Branch conducted an inspection at the house of Sebastian, the accused in the case where three women went missing under mysterious circumstances, and his friend Rosamma.