സാമൂഹിക ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിർക്കണമെന്നും സാഹിത്യസംഗമങ്ങൾ അതിന് ഊർജമാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാമത് എഡിഷൻ കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
കൊച്ചിക്ക് ബിനാലെ പോലെയും തിരുവനന്തപുരത്തിന് ഫിലിം ഫെസ്റ്റിവൽ പോലെയും കോഴിക്കോടിന്റെ മുഖമുദ്രയായി മാറുകയാണ് ഈ സാഹിത്യോത്സവം. ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തിൽ വായന മരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നോബൽ സമ്മാനവിജയി അഡ യോനാത്ത്, ബുക്കർ പ്രൈസ് വിജയി ഷഹാൻ കരുണത്തിലകെ, ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ, മ്യൂസിയം തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, തമിഴ്നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജൻ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവീൻ ചൗള, എം കെ രാഘവൻ എംപി, കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി, പോപ് ഗായിക ഉഷ ഉതുപ്പ്, എഴുത്തുകാരായ സച്ചിദാനന്ദൻ, സുധാമൂർത്തി, എം മുകുന്ദൻ, കെ ആർ മീര, കെ എൽ എഫ് കൺവീനർ എ പ്രദീപ് കുമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 15 വരെ കോഴിക്കോട് ബീച്ചിൽ ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുന്നത്.



