07
Sep 2024
Tue
07 Sep 2024 Tue
Chief minister Pinarayi Vijayan points Congress RSS links over ADGP RSS leaders meeting issue

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ കോൺ​ഗ്രസ് നടത്തുന്ന ആരോപണങ്ങൾക്കു മറുപടിയുമായി കോൺ​ഗ്രസ് നേതാക്കളുടെ ആർഎസ്എസ് പ്രേമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ്സിനെ നേരിട്ട് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഐഎമ്മെന്നും ആർഎസ്എസ്സിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയിൽ എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് മാധ്യമങ്ങളെന്നും പിണറായി വിജയൻ ആരോപിച്ചു. ആർ.എസ്.എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനൽകി എന്ന് പരസ്യമായി പറഞ്ഞത് കെപിസിസി പ്രസിഡന്റാണ്. തലശ്ശേരി കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടത് തങ്ങൾക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ആർ.എസ്.എസ് ശാഖയ്ക്ക് ഞാൻ കാവൽ നിന്നു എന്ന് പറഞ്ഞ രാഷ്ട്രീയ നേതാവാര് മറന്നുപോയോ വലിയ അഭിമാനപുരസരമല്ലേ നാടിനോട് അത് വിളിച്ചുപറഞ്ഞത്. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കുന്ന ആർഎസ്എസ്സുകാരനെ നമുക്ക് മനസിലാക്കാം. എന്നാൽ ഇത് കോൺഗ്രസ് നേതാവാണല്ലോ. എന്തേ സൗകര്യപൂർവം അത് മറക്കുന്നത്.

ആർഎസ്എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനൽകി എന്നല്ലേ കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. ആർക്കാണ് ആർഎസ്എസ്. ബന്ധം. തലശ്ശേരി കലാപകാലത്ത് കമ്മ്യൂണിസ്റ്റുകാർ കാവൽ നിന്നിട്ടുണ്ട്. ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കാൻ വരുന്ന ഈ സംഘപരിവാരുകാരെ നേരിടുന്നതിന് വേണ്ടി. അവരിൽ നിന്ന് ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി. തലശ്ശേരി കലാപത്തിൽ പലതും പലർക്കും നഷ്ടപ്പെട്ടു. ആഭരണം നഷ്ടപ്പെട്ടു, പണം നഷ്ടപ്പെട്ടു, വീട് നഷ്ടപ്പെട്ടു, ജീവൻ നഷ്ടപ്പെട്ടത് ഞങ്ങൾക്ക് മാത്രമായിരുന്നു സഖാവ് യു.കെ കുഞ്ഞിരാമന്റെ ജീവൻ. അത് ഈ സംഘപരിവാറുകാരെ തടയാൻ നിന്നതിന്റെ ഭാഗമായിട്ടാണ്. അവർ ചെയ്തത് ആർഎസ്എസ്സിന്റെ ശാഖയ്ക്ക് സംരക്ഷണം നൽകലായിരുന്നു:- പിണറായി പറഞ്ഞു.

ആർഎസ്എസ്സിന്റെ തലതൊട്ടപ്പൻ ഗുരുജി ഗോൾവാൾക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആർഎസ്എസ് ഒരു പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയിൽ ഗോൾവാൾക്കറിന്റെ ചിത്രമുണ്ട്. മുമ്പിൽ വിളക്കുണ്ട്. അത് കൊളുത്തി ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി കുമ്പിട്ട ചിത്രം ആരുടേതായിരുന്നു. ഞങ്ങൾ ആരുടേതെങ്കിലുമാണോ എന്നും വിഡി സതീശന്റെ മുമ്പത്തെ പ്രവൃത്തിയെ സൂചിപ്പിച്ച് മുഖ്യമന്ത്രി ചോദിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക