തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചരടുവലികള്‍ ശക്തമായി. എംഎല്‍എമാരെ ഒപ്പം നിര്‍ത്തുന്നതിനൊപ്പം ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാനും നീക്കം ശക്തമാക്കി.
|
ലീഗിന്റെ പരസ്യപിന്തുണയില്‍ സന്തോഷത്തിലാണ് വിഡി സതീശന്‍ വിഭാഗം. അതേസമയം ലീഗ് നിലപാട് പരസ്യമാക്കിയതില്‍ കെ സി വേണുഗോപാല്‍ പക്ഷവും രമേശ് ചെന്നിത്തല വിഭാഗവും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഘടകകക്ഷിളെ ഒപ്പം നിര്‍ത്താനുള്ള ശ്രമം മൂന്നുചേരികളും തുടരുകയാണ്.
അതേസമയം, ഹൈക്കമാന്‍ഡില്‍ നിര്‍ണായക സ്വാധീനമുള്ള കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ നീക്കങ്ങള്‍ എന്താകുമെന്ന ആകാംക്ഷയിലാണ് ചെന്നിത്തല പക്ഷവും സതീശന്‍ പക്ഷവും. ഇതിനിടെ കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്ററി ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് ഷൂട്ടിംഗ് നിര്‍ത്തിയതെന്നാണ് സൂചന.
കെസി പക്ഷത്തിന്റെ പിന്തുണ ചെന്നിത്തല വിഭാഗം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി ചെന്നിത്തല കെസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പക്ഷേ, കളമൊഴിഞ്ഞിട്ടില്ലെന്നാണ് കെ സി പക്ഷം പറയാതെ പറയുന്നത്. മുസ്ലീം ലീഗ്, സതീശന്‍ അനുകൂല നിലപാട് പരസ്യമായി എടുത്തത് ചെന്നിത്തല, കെ സി പക്ഷങ്ങള്‍ക്ക് കനത്ത ക്ഷീണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെന്നിത്തലും വേണുഗോപാലും ഒരുമിച്ചുനില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വോട്ടെണ്ണല്‍ തീയതി അടുത്തതോടെ കോണ്‍ഗ്രസിനുള്ളില്‍ വമ്പന്‍ നീക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളാണ് തുറന്ന് വരുന്നത്.
പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടി നല്‍കി കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നതെങ്കില്‍ പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍ പ്രവചിക്കുന്നു. സിഎന്‍എന്‍ വോട്ട് വൈബ് 70-80, ടൈംസ് നൗ ജെവിസി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് മറ്റ് ഏജന്‍സികള്‍ യൂഡിഎഫ് ഭരണത്തിന് സാധ്യത കല്‍പ്പിക്കുന്നത്. ചെറിയ ഭൂരിപക്ഷമാണെങ്കില്‍ ലീഗിന്റെ നിലപാട് നിര്‍ണായകമാവും.
ലീഗ് സതീശനൊപ്പം
എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.


