കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് കാല് തെറ്റി താഴ്ചയിലേക്കു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയില്‍ എത്തി. മന്ത്രി കെ എന്‍ ബാലഗോപാല്‍, സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയും ആശുപത്രിയിലെത്തി.
|
സിപിഎം കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്. മുറിയിലെത്തി ഉമാ തോമസുമായി സംസാരിച്ച മുഖ്യമന്ത്രി ഡോക്ടര്‍മാരോട് വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് മടങ്ങിയത്. ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
തനിക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കിയതിനും മറ്റും ഉമാ തോമസ് മുഖ്യമന്ത്രിയോടു നന്ദി പറഞ്ഞു. സുഖംപ്രാപിക്കുന്ന ഉമാ തോമസ് വൈകാതെ ആശുപത്രി വിടുമെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന സൂചന.


