06
Feb 2024
Sat
06 Feb 2024 Sat

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്, ഉച്ചയ്ക്ക് രണ്ട് മുതല്‍ ദര്‍ശനം; ചടങ്ങുകള്‍ പുലര്‍ച്ചെ തുടങ്ങി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴല്‍ ഇന്ന്. പുലര്‍ച്ചെ 5.30ന് ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപൂജയും നടന്നതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമായി. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മകം ദര്‍ശനത്തിനായി നട തുറക്കുക. രാത്രി 10.30വരെ ഭക്തര്‍ക്ക് മകം തൊഴാന്‍ സമയം ക്രമീകരിച്ചുണ്ട്.

ആറാട്ടുകടവില്‍ പറ സ്വീകരിച്ച ശേഷം ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടര്‍ന്ന് ഏഴ് ആനകള്‍ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം നടക്കും.

കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും. മകം തൊഴലിന് ശേഷം മങ്ങാട്ടുമനയിലേക്ക് പുറപ്പെട്ട് ഇറക്കിപ്പൂജ, തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും

മകം ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചോറ്റാനിക്കരയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചോറ്റാനിക്കര സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബീമാ ഗ്രൗണ്ട് ചോറ്റാനിക്കര പെട്രോള്‍ പമ്പിന് മുന്‍വശത്തെ ഗ്രൗണ്ട് എന്നിവടങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഒന്നരലക്ഷത്തോളം ഭക്തര്‍ മകം ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. അതിനാല്‍ ക്ഷേത്ര പരിസരത്ത് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് 25ന് പൂരവും 26ന് ഉത്രം ആറാട്ടും നടക്കും.27ന് രാത്രി കീഴ്ക്കാവില്‍ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക