22
Sep 2022
Tue
22 Sep 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ബീച്ചിനടുത്തുള്ള ഗുജറാത്തി സ്ട്രീറ്റിലെ കടയില്‍ മില്‍ക് ഷെയ്ക്കില്‍ കഞ്ചാവ് കുരു ചേര്‍ത്തു വില്‍പ്പന നടത്തിയതിന്റെ പേരില്‍ തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയായ ‘കാസ’യുടെ വിദ്വേഷപ്രചാരണം. കഞ്ചാവ് ഷെയ്ക്ക് വില്‍പ്പന നടത്തിയ കട ഉടമ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കാസയുടെ വിദ്വേഷനടപടി. പാലാ ബിഷപ്പിനെതിരെയും പി.സി ജോര്‍ജിനെതിരെയും കുരച്ച നായകള്‍ ഇവിടെ തന്നെയുണ്ടല്ലോ എന്ന് പറഞ്ഞ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് കാസയുടെ വര്‍ഗീയ പ്രചാരണം

കാസയുടെ പോസ്റ്റ് ഇങ്ങനെ: ”കഞ്ചാവ് ചെടിയുടെ കുരു അരച്ച് ദ്രാവരൂപത്തില്‍ ആക്കി അത് മില്‍ക്ക് ഷെയ്ക്കുകളില്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന കോഴിക്കോട്ടെ ജ്യൂസ് കട ഉടമ പിടിയിലായി. അറിഞ്ഞുകൊണ്ടും അറിയാതെയും വിദ്യാര്‍ഥികള്‍ക്ക് ഈ ഷേക്ക് നല്‍കി അവരെ ഇതിന് അടിമകള്‍ ആക്കി കഴിഞ്ഞു. ഇതുതന്നെയാണ് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ എട്ടാം തീയതി പാലാ ബിഷപ്പും തുടര്‍ന്ന് പിസി ജോര്‍ജും വിളിച്ചു പറഞ്ഞ സത്യങ്ങള്‍”’ !

കടയുടെ ഉടമ ഡോ. സുഭാശിഷ് ആയിരിക്കെയാണ് കാസയുടെ തെറ്റിദ്ധാരണാജനകമായ ഫേസ്ബുക്ക് പോസ്റ്റ്. ഷെയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് കുരുവാണെന്നും ഡോ. സുഭാഷിഷ് അറിയിച്ചിട്ടുണ്ട്. ഹെംപ് സീഡുകള്‍ വളരെ പോഷകഗുണമുള്ളവയാണ്. പ്രോട്ടീന്‍ അളവ് വളരെ കൂടുതലാണ്. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്‌സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും ത്വക്കിനും വളരെ ഗുണപ്രദമായവയാണ്. 2021 നവംബര്‍ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന് അനുമതി നല്‍കിയിരുന്നു. അവര്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഈ കട നടത്തുന്നതെന്നും കട ഉടമ പറഞ്ഞു.

ഇന്നലെ രാവിലെയാണ് ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതിനെതിരെ കേസെടുത്തെന്നാണ് എക്‌സൈസ് ഇന്നലെ രാത്രി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.

കടയില്‍ കഞ്ചാവ് ചെടിയുടെ വിത്തുപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി എക്സൈസ് കമ്മിഷണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

christian organisation hate campaign on kozhikode-ganja-seed-milk-shake-case