ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയിൽ കഴിയുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനമാണ് നിയമനത്തിനു തൊട്ടുപിന്നാലെ രാജിവച്ചത്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
ന്യൂഡൽഹി: ജമ്മുകശ്മീർ(Jammu Kashmir): കോൺഗ്രസ് (Congress) പാർട്ടിയിലെ നിർണായക സ്ഥാനത്ത് നിയമിതനായതിനു തൊട്ടുപിന്നാലെ സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പാർട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയിൽ കഴിയുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനമാണ് നിയമനത്തിനു തൊട്ടുപിന്നാലെ രാജിവച്ചത്. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആസാദ് രാജിവച്ചു.
ആരോഗ്യ കാരണങ്ങൾ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോൺഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോൺഗ്രസ് പുനസംഘടനയിൽ ഉൾപ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. പാർട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനമെന്ന നിലപാടിനെ തുടർന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ജമ്മു കശ്മീരിലെ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ അവഗണിച്ച് പുതുതായി രൂപീകരിച്ച പ്രചാരണ സമിതിയിൽ തൃപ്തനല്ലാത്തതിനാലാണ് ഗുലാം നബി ആസാദ് സ്ഥാനം രാജിവച്ചതെന്ന് കോൺഗ്രസ് നേതാവ് അശ്വനി ഹണ്ട പ്രതികരിച്ചു.
കോൺഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ ആസാദിനെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആസാദിന്റെ അടുത്ത സുഹൃത്തായ ഗുലാം അഹമ്മദ് മിറിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതും ഭിന്നതയുടെ കാരണമായി ചൂണ്ടിക്കാട്ടുന്നു. മിറിനു പകരം വികാർ റസൂൽ വന്നിയെയാണു നിയമിച്ചത്.
നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് ഗുലാംനബി ആസാദ്. വോട്ടർ പട്ടിക തയാറാക്കലും മണ്ഡല പുനർനിർണയവും പൂർത്തിയാകുന്ന മുറയ്ക്ക് കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആസാദ് നിർണായക സ്ഥാനങ്ങൾ രാജിവച്ചത്.



