29
Mar 2024
Mon
29 Mar 2024 Mon

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ. നിയമത്തിലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാര്‍ക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക. ഇതില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയത് രാജ്യവ്യാപകമായി വന്‍ പ്രക്ഷോഭത്തിന് കാരണമായിരുന്നു. 2019 ഡിസംബര്‍ 11ന് കേന്ദ്രം പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനു പിന്നാലെയായിരുന്നു ഇത്. രാജ്യത്തിന്‍റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നല്‍കാനുള്ള തീരുമാനമാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.

രാജ്യവ്യാപക പ്രതിഷേധവും എതിര്‍പ്പും കോവിഡ് വ്യാപനവും മൂലം നിയമം പ്രാബല്യത്തില്‍ വരുത്തുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ടുപോയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും.