ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കൂടുതല്‍ പേര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിഎഎ വഴി പൗരത്വം നല്‍കി. (citizenship-granted-under-caa-to-people-in-west-bengal-haryana-uttarakhand-mha)അതത് സംസ്ഥാനങ്ങളിലെ എംപവേഡ് കമ്മിറ്റികള്‍ വഴിയാണ് അപേക്ഷകര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. നിയമം നിലവില്‍വന്നശേഷം മേയ് 15ന് 14 പേര്‍ക്ക് ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയം പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയിരുന്നു.
|
പശ്ചിമ ബംഗാളില്‍ സി.എ.എ നടപ്പാക്കില്ലെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. മമതയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാനത്ത് കേന്ദ്രം നിയമം നടപ്പിലാക്കുന്നത്. ശനിയാഴ്ച സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ധൃതിപിടിച്ച് നിരവധി പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെ 2014 ഡിസംബര്‍ 31നുമുമ്പ് കുടിയേറിയ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമ ഭേദഗതി. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് ഒരു രേഖയും ചോദിക്കാതെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം പൗരത്വം അനുവദിക്കുന്നത്. മുസ്‌ലിംകളെ ഒഴിവാക്കിയുള്ള വിവേചനപരമായ നിയമം പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെ രാജ്യവ്യാപക പ്രക്ഷോഭം നടന്നിരുന്നു. നിയമം കോടതിയുടെ പരിഗണനയിലിരിക്കേയാണ് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കാര്യമായ പരിശോധനകളൊന്നുമില്ലാതെ നിരവധി പേര്‍ക്ക് പൗരത്വം നല്‍കുന്നത്.


