17
Feb 2026
Thu
17 Feb 2026 Thu

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരി വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ വിവാദത്തിലേക്ക്. വെങ്ങോല പഞ്ചായത്തില്‍ നാട്ടുകാര്‍ രൂപീകരിച്ച ജനകീയ സമിതിയും പൊലീസും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ലഹരിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ജനകീയ സമിതി സ്ഥാപിച്ച ബോര്‍ഡ് പൊലീസ് നീക്കം ചെയ്തതോടെയാണ് സംഘര്‍ഷം തുറന്നതിലേക്ക് നീങ്ങിയത്.
”കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാല്‍ തല്ലും തല്ലും തല്ലും” എന്നായിരുന്നു ബോര്‍ഡിലെ വാചകം.
ബോര്‍ഡ് സ്ഥാപിച്ചതിന്റെ കാരണം വിശദീകരിച്ച് വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് പറഞ്ഞു,
”ലോകത്ത് എവിടെയും കിട്ടാത്ത മയക്കുമരുന്നും, പെണ്‍വാണിഭവും, ചൂതാട്ടവും നടക്കുന്ന ഇടമാണ് ഭായി കോളനി. ഡോക്ടറാകാന്‍ പഠിക്കുന്നവര്‍ വരെ ലഹരി വാങ്ങാന്‍ ഇവിടെ എത്തുന്നുണ്ട്”.
പൊലീസും എക്‌സൈസും നടപടി എടുക്കാതെ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ജനകീയ സമിതിയുടെ പ്രവര്‍ത്തനം ആള്‍ക്കൂട്ട ആക്രമണമായി മാറുന്നുവെന്നാണ് പൊലീസ് നിലപാട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും സമിതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ബംഗാള്‍ സ്വദേശിയായ മുനീറുല്‍ എന്ന മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ നാട്ടുകാര്‍ മര്‍ദിച്ച സംഭവം പുറത്തുവന്നത്. കടയിലെ അക്കൗണ്ടിലുള്ള പണം ലഹരി കച്ചവടത്തിലൂടെ സമ്പാദിച്ചതാണെന്ന് ആരോപിച്ചാണ് മര്‍ദനമെന്ന് മുനീറുല്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ നാട്ടുകാരും പൊലീസും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.
ജനകീയ സമിതിയുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, എല്ലാ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമെതിരെയല്ല പ്രതിഷേധമെന്നും, ലഹരി-ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചെറിയൊരു വിഭാഗത്തിനെതിരെയാണ് കൂട്ടായ്മയെന്നും ജനകീയ സമിതി വിശദീകരിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക