27
Mar 2024
Sun
27 Mar 2024 Sun
halal chocolate

ഹൈദരാബാദ്: രാജ്യത്ത് ഒരുവിഭാഗം ഉയര്‍ത്തിവിട്ട ഇസ്ലാംഭീതിയും വിദ്വേഷവും കൊച്ചുകുട്ടികളിലേക്കു പോലും ഭയാനകമാം വിധം പടരുന്നു. ഹൈദരാബാദിലെ ഒരു സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്കുണ്ടായ അനുഭവം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ബന്‍ജാറ ഹില്‍സിലെ സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ പിതാവാണ് മകന്റെ സഹപാഠിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. (classmates refused a birthday boy’s chocolates – suspecting it was ‘Halal)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐസിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളിലാണ് സംഭവം നടന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ അജ്മല്‍ മൊഹിയുദ്ദീന്‍ പറഞ്ഞു. ക്ലാസില്‍ ഭൂരിഭാഗം കുട്ടികളും മാര്‍വാഡികളും സിന്ധികളുമാണ്. ഏതാനും മുസ്ലിം കുട്ടികളുമുണ്ട്. ക്ലാസില്‍ നിന്നെത്തിയ തങ്ങളുടെ മകന്‍ ആറ് ചോക്കലേറ്റുകള്‍ തിന്നതായി അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. എവിടുന്നാണ് ഇത്രയും ചോക്കലേറ്റുകള്‍ എന്ന് ചോദിച്ചപ്പോള്‍ കൂട്ടുകാരന്‍ കൊണ്ടുവന്ന ജന്മദിന ചോക്കലേറ്റ് ക്ലാസിലെ പല കുട്ടികളും തിന്നാത്തത് കൊണ്ടാണ് തനിക്ക്കൂടുതല്‍ കിട്ടിയതെന്ന് മകന്‍ വിശദീകരിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെട്ടത്. ജന്മദിമാഘോഷിച്ച കുട്ടി മുസ്ലിമായിരുന്നു. മാര്‍വാഡി കുട്ടികളാണ് ചോക്കലേറ്റ് വേണ്ടെന്ന് പറഞ്ഞത്. മുസ്ലിം വിദ്യാര്‍ത്ഥി നല്‍കിയ ചോക്കലേറ്റ് ഹലാല്‍ ആണെന്നും തങ്ങള്‍ക്ക് തിന്നാന്‍ പാടില്ലെന്നും പറഞ്ഞാണ് അവര്‍ നിരസിച്ചതെത്ര.

മുസ്ലിം ആണെന്ന ഒറ്റ കാരണം കൊണ്ടാണ് അവന്‍ നല്‍കിയ ജന്മദിന ചോക്കലേറ്റ് കൂട്ടുകാര്‍ കഴിക്കാതിരുന്നത്. മുസ്ലിം കുട്ടികള്‍ നല്‍കുന്ന ഒന്നും വാങ്ങി കഴിക്കരുതെന്ന് വീട്ടില്‍ നിന്ന് ലഭിച്ച നിര്‍ദേശമാണ് നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ ഇതിന് പ്രേരിപ്പിച്ചതെന്നും മജീദ് ചൂണ്ടിക്കാട്ടി. ക്രിസ്തു മത വിഭാഗത്തില്‍പ്പെട്ട ക്ലാസ് ടീച്ചറോട് അന്വേഷിച്ചിപ്പോള്‍ അവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊച്ചുകുട്ടികള്‍ക്കിടയില്‍ പോലും വിദ്വേഷം പടരുന്നതിന്റെ ഉദാഹരണമാണിതെന്നും മജീദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.