25
Sep 2024
Wed
25 Sep 2024 Wed
Sandra thomas

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെ അടുത്ത സുഹൃത്തുക്കളുണ്ടെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. എസ്‌ഐടിയിലെ ആളുകള്‍ തങ്ങളുടെ അടുത്ത സുഹൃത്തുക്കളാണെന്ന് സിനിമാ സംഘടനയുടെ തലപ്പുത്തള്ള ചിലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് തന്നെ അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നും സാന്ദ്ര പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ നടികള്‍ എങ്ങനെയൊക്കെ ആക്രമിക്കപ്പെട്ടു, പ്രതികള്‍ക്ക് എന്തൊക്കെ ശിക്ഷ ലഭിക്കും എന്നതൊന്നുമല്ല പ്രധാനം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ എന്ത് തിരുത്തലുകള്‍ കൊണ്ടുവന്നു എന്നതാണ്. എസ്‌ഐടി വരുമ്പോഴും പലരും ഭയന്നാണ് ഇരിക്കുന്നത്. എന്റെ മുന്നില്‍വെച്ച് തന്നെ സംഘടനയിലുള്ള ചിലര്‍ പറഞ്ഞിട്ടുണ്ട് ‘എസ്‌ഐടിയിലുള്ള വ്യക്തി അടുത്ത സുഹൃത്താണ്, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിച്ചാല്‍ മതി’ എന്ന്. എസ്‌ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ എങ്ങനെ ഇവരുടെ മുന്നില്‍ പോയി നേരിട്ട ദുരനുഭവം പറയുമെന്നാലോചിച്ച് ഭയം തോന്നിയിട്ടുണ്ട്’, സാന്ദ്രാ തോമസ് പറഞ്ഞു.

ALSO READ: റിപ്പോർട്ടർ TV യുടെ എക്സ്ക്ലൂസീവ്’: പണി പാളിയോ? മൊഴി പുറത്തുവിട്ടതിനെതിരെ മുഖ്യമന്ത്രിക്ക് WCC യുടെ പരാതി

സിനിമാ മേഖലയില്‍ തുടങ്ങാനിരിക്കുന്ന സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനെ കുറിച്ചും സാന്ദ്ര തോമസ് പരാമര്‍ശിച്ചു. നിലവിലെ സംഘടനകളില്‍ നിന്ന് നീതി ലഭിക്കാതാവുമ്പോഴാണ് പുതിയ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നത്. പുതിയ സംഘടന തിരുത്തല്‍ ശക്തിയാകട്ടെയെന്നാണ് പ്രതീക്ഷ.

അതേസമയം പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ താനില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനയുടെ ഭാഗമാകുമ്പോള്‍ അറിയിക്കുമെന്നും ലിജോ വ്യക്തമാക്കി.

അഞ്ജലി മേനോന്‍, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളതെന്നായിരുന്നു പുറത്തുവന്ന വിവരം.

അതേസമയം താനുമായി സംഘടനാ സംബന്ധമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും നിലവില്‍ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ ഭാഗമല്ലെന്നും സംവിധായകന്‍ വിനയനും പ്രതികരിച്ചു.