ഗണേഷ്‌കുമാര്‍ ഇടഞ്ഞു; മുന്നാക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു
|
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യുടെ കയ്യിലിരുന്ന മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് (ബി) പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെജി പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം രാജഗോപാലന്‍ നായരെ നിയമിച്ചുകൊണ്ട് ഇറക്കിയ ഉത്തരവാണ് മരവിപ്പിച്ചത്.
എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി അന്വേഷിക്കുന്നുണ്ടെന്നും കെജി പ്രേംജിത്തിനെ ചെയര്‍മാനാക്കി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം തിരിച്ചെടുത്തതിനെതിരെ ഗണേഷ് കുമാര്‍ എല്‍ഡിഫ് കണ്‍വീനര്‍ ഇപി ജയരാജന് കത്ത് നല്‍കിയിരുന്നു. തീരുമാനം മരവിപ്പിക്കണമെന്നും മുന്നണി മര്യാദയ്ക്ക് വിരുദ്ധമായ നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കേരളാ കോണ്‍ഗ്രസ് ബിയെ അറിയിക്കാതെ ചെയര്‍മാനെ മാറ്റിയ തീരുമാനം ഏകപക്ഷീയമായ നടപടിയാണെന്നും നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് ബിക്ക് തന്നെ അവകാശപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ അറിയിച്ചിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കാതെ പോയ കേരള കോണ്‍ഗ്രസിന് (ബി) നല്‍കിയ പ്രധാനപ്പെട്ട പദവിയാണ് കാലാവധി പകുതിയെത്തിയപ്പോള്‍ തിരിച്ചെടുത്തത്.





