രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുകയാണെന്നും ഇതിനു പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് വാളയാറില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
|
മത പരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യപ്രദേശിലെ ജബല്‍ പൂരില്‍ സംഘര്‍ഷമുണ്ടാക്കിയത്. ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ഒഡിഷയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വില്‍ക്കാനെത്തിയവര്‍ക്ക് നേരെയും ഭീഷണിയുണ്ടായി. മധ്യപ്രദേശില്‍ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചെന്നും പരാതി. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട് വാളയാറില്‍ നടന്ന ആള്‍ക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ട് വന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. അപര വിദ്വേഷത്തിന്റ ആശയത്തില്‍ ആകൃഷ്ടരായവര്‍ ആണ് പിന്നില്‍. യുപി മോഡല്‍ അക്രമം പറിച്ചു നടാന്‍ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ എന്ന് ചാപ്പ കുത്തി. ഇത്തരം ചാപ്പ കുത്തല്‍ കേരളം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍


