29
Sep 2023
Sun
29 Sep 2023 Sun

മത്തി ഏത് രാജ്യത്ത് നിന്ന് വരുന്നുവെന്ന് വരെ അറിയാം: ഫേവറിറ്റ് മീനായ മത്തിയുടെ ജനിതകഘടന കണ്ടെത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സംബന്ധിച്ച പഠനത്തില്‍ നിര്‍ണായക ചുവടുവെയ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). ഇന്ത്യയിലാദ്യമായാണ് ഒരു കടല്‍മത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്. ഇന്ത്യന്‍ സമുദ്രമത്സ്യ മേഖലയിലെ നാഴികക്കല്ലാണിതെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. മത്തിയുടെ ഫലപ്രദമായ പരിപാലനത്തിന് ഏറെ സഹായകരമാകുന്നതാണ് ഈ ജനിതകരഹസ്യം. അവയുടെ പൂര്‍ണമായ ജീവശാസ്ത്രം, പരിണാമം എന്നിവ കൃത്യമായി മനസ്സിലാക്കാനാകും.

മത്തിയുടെ 46,316 പ്രോട്ടീന്‍ ജനിതക ഘടനകളുടെ ശ്രേണീകരണമാണു സി.എം.എഫ്.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. മത്തിയുടെ പൂര്‍ണമായ ജീവശാസ്ത്രവും പരിണാമവും കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നതോടെ പരിപാലനവും സംരക്ഷണവും കൂടുതല്‍ എളുപ്പമാകും.

കാലാവസ്ഥാപഠനം എളുപ്പമാകുകയും കടലിലെ ഏതൊക്കെതരം പ്രത്യേകതകളാണ് മത്തിയെ സ്വാധീനിക്കുന്നതെന്ന് തിരിച്ചറിയാനാകുകയും ചെയ്യും. ഇതുവഴി, ഇടയ്ക്കിടെയുണ്ടാകുന്ന മത്തിയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് പിന്നിലെ കാരണങ്ങളറിയാനും സഹായകരം ആകും. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന മത്സ്യമാണ് മത്തി. ജനിതകരഹസ്യം സ്വന്തമായതോടെ കാലാവസ്ഥാവ്യതിയാനം ഏതൊക്കെ രീതിയിലാണ് സമുദ്രസമ്പത്തിന് ഭീഷണിയാകുന്നതെന്ന് കണ്ടെത്താനാകും.