18 ദിവസം മുമ്പ് ആമസോണ്‍ കാട്ടില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രികരില്‍ നാലു കുട്ടികള്‍ രക്ഷപ്പെട്ടുവെന്ന റിപോര്‍ട്ടില്‍ അവ്യക്തത. 13, 9, 4 വയസ്സുകാരും 11 മാസം പ്രായമുള്ള കുട്ടിയും അടക്കം നാലു സഹോദരങ്ങള് രക്ഷപ്പെട്ടതായും ഇവര്‍ വനത്തിലൂടെ നടന്നുകൊണ്ടിരിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ക്കാണ് വ്യക്തതയില്ലാത്തത്.
|
വിമാനം തകര്‍ന്നുവീണ യാത്രികര്‍ക്കായി നൂറിലേറെ സൈനികരും നായകളും വനത്തില്‍ തിരച്ചില്‍ നടത്തിവരികയാണ്. മെയ് 1നാണ് ആമസോണ്‍ കാട്ടില്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം മൂന്നു മുതിര്‍ന്നവര്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ട നാലുകുട്ടികളെയും ബോട്ട് മാര്‍ഗം വനത്തില്‍ നിന്ന് കൊണ്ടുവന്നുകൊണ്ടിരിക്കുയാണെന്ന് തിരച്ചില്‍ മേഖലയില്‍ നിന്ന് തങ്ങളുടെ പൈലറ്റ് അറിയിച്ചതായി തകര്‍ന്നുവീണ വിമാനത്തിന്റെ ഉടമസ്ഥരായ ഏവിയന്‍ലൈന്‍ ചാര്‍ട്ടേഴ്‌സ് അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല.
തിരച്ചിലിനിടെ കാട്ടില്‍ കമ്പുകള്‍ കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക അഭയകേന്ദ്രം കണ്ടെത്തിയതോടെയാണ് കാണാതായ കുട്ടികള്‍ ജീവനോടെയുണ്ടെന്ന നിഗമനത്തില്‍ രക്ഷാപ്രവര്‍ത്തകരെത്തിയത്. ഇവിടെ നിന്ന് കുട്ടിയുടെ വെള്ളക്കുപ്പിയും കഴിച്ചതിന്റെ ബാക്കി ഭക്ഷണവുമെല്ലാം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.
കുട്ടികളെ ജീവനോടെ രക്ഷപ്പെടുത്തിയതായി ബുധനാഴ്ച രാത്രി പ്രഖ്യാപിച്ച കൊളംബിയന്‍ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ വ്യാഴാഴ്ച തന്റെ ഈ ട്വീറ്റ് പിന്‍വലിച്ചു. സംഭവിച്ചതില്‍ ദുഖിക്കുന്നുവെന്നും സൈന്യവും തദ്ദേശീയരും കാട്ടില്‍ തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനം തകര്‍ന്ന കാട്ടിലെ മരങ്ങള്‍ക്കെല്ലാം 40 മീറ്ററിലധികം ഉയരമുണ്ട്. ഇതിനുപുറമേ കനത്ത മഴ പെയ്യുന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു. മൂന്ന് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കാട്ടിലൂടെ നടക്കരുതെന്നും ഒരിടത്തു തന്നെ നില്‍ക്കാനും കുട്ടികളുടെ മുത്തശ്ശി ആവശ്യപ്പെടുന്നത് റെക്കോഡ് ചെയ്ത് ഹെലികോപ്ടറില്‍ നിന്ന് കേള്‍പ്പിച്ചുകൊണ്ടാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.


