|
ഗണേഷ നിമഞ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്ക് പുറത്ത് കൊലവിളി- വിദ്വേഷ പാട്ട് വച്ച് തീവ്ര ഹിന്ദുത്വവാദികൾ. കർണാടക കലബുറഗിയിലെ മെഹ്ബുസ് മസ്ജിദിന് മുന്നിൽ ഈമാസം 10 ശനിയാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസെടുത്തു. ഘോഷയാത്രയുടെ സംഘാടകർക്കെതിരെയും ഡിജെ ഉടമയ്ക്കെതിരെയുമാണ് പ്രകോപനപരമായി പാട്ടുവച്ചതിന് കേസെടുത്തത്.
ഗണേശ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി ഒരു വലിയ സംഘം ഹിന്ദുത്വവാദികൾ പള്ളിക്ക് പുറത്ത് നൃത്തം ചെയ്യുന്നതിന്റേയും സ്പീക്കറുകളിൽ ഉച്ചത്തിൽ പാട്ട് വച്ചിരിക്കുന്നതിന്റേയും വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സ്വമേധയാ കേസെടുത്ത്. “ഖൂൻ സേ ഇസ്സ് ധർത്തി കോ ഹം നെഹ്ലായേംഗേ, ഹം തുജ്കോ തേരി ഔകാത് ബതായേംഗേ (“ഞങ്ങൾ ഈ ഭൂമിയെ ചോരയിൽ മുക്കും, നിങ്ങളുടെ നില ഞങ്ങൾ കാണിച്ചുതരാം)” എന്നായിരുന്നു പ്ലേ ചെയ്ത ഗാനം.
സംഭവത്തിൽ കലബുറഗി പൊലീസാണ് കേസെടുത്തത്. പ്രദേശത്ത് അശാന്തി സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാട്ടു വച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘാടകരായ തുക്കാറാം, അമ്രേഷ്, ഡിജെ ഉടമ സലീം തുടങ്ങിയവരെ പ്രതികളാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 295 എ (മതവികാരം വ്രണപ്പെടുത്തുക), 188, 103, കര്‍ണാടക പൊലീസ് ആക്ട്-1963ലെ 31 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.
ഹിന്ദുത്വസംഘടനകൾ സംഘടിപ്പിച്ച ഗണേശോത്സവ റാലിക്കിടെ വിഎച്ച്പി പ്രവർത്തകൻ പള്ളിയിലേക്ക് ചെരിപ്പെറിയുന്ന വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഹിന്ദു മഹാസഭ ഗണേശ വിസർജൻ കമ്മിറ്റിയുടെ ബാനറിൽ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്റംഗ്ദളും ചേർന്ന് ശനിയാഴ്ച കർണാടക ബല്ലാരിയിലെ സിർഗുപ്പയിൽ സംഘടിപ്പിച്ച ഗണേശോത്സവ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.
സിർഗുപ്പയിലെ മുസ്ലിം ജനവാസമേഖലയിൽ സ്ഥിതി ചെയ്യുന്ന സൗദാഗർ സുന്നി മസ്ജിദിനു മുന്നിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴായിരുന്നു ചെരിപ്പേറ്. പള്ളിക്ക് മുന്നിൽ നിരവധി ഹിന്ദുത്വവാദികൾ നിലയുറപ്പിച്ചിരിക്കുകയും ഇതിനിടെ വിഎച്ച്പി അംഗം തന്റെ ചെരിപ്പ് പള്ളിയിലേക്ക് എറിയുകയുമായിരുന്നു. മറ്റുള്ളവർ ചെരിപ്പേറിൽ ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്തു.
നിതീഷ് കുമാർ എന്ന വിഎച്ച്പി പ്രവർത്തകനാണ് പള്ളിക്ക് നേരെ ചെരിപ്പെറിഞ്ഞ്. സംഭവത്തിൽ പള്ളി കമ്മിറ്റിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ബല്ലാരി പൊലീസ് സൂപ്രണ്ട് സെയ്ദുലാദവത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്കെതിരെ ഐപിസി 153 എ (മതസ്പർധ), 143 (നിയമവിരുദ്ധമായി സമ്മേളിക്കൽ), 147 (കലാപമുണ്ടാക്കൽ), 295 എ (മതവികാരം വ്രണപ്പെടുത്തലും മതവിശ്വാസത്തെ അവഹേളിക്കലും), 505(2) (പൊതുദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ), 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



