|
തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ-ശ്രീലങ്കാ ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞ സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ആകെ വിറ്റ് പോയത് 6,200 ടിക്കറ്റുകള്‍ ആണെന്നാണ് പുതിയ കണക്കുകള്‍. ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നുള്ള ജനങ്ങളുടെ പ്രതിഷേധത്തിന് ശേഷം പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടെന്ന മന്ത്രി അബ്ദുറഹ്‌മാന്റെ പരാമര്‍ശമാണ് കാണികളെ ഇല്ലാതാക്കിയതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ബോയിക്കോട്ട് ക്രിക്കറ്റ് എന്ന ക്യാംപയിനെ ആരാധകര്‍ സ്വീകരിച്ചതും തിരിച്ചടിയായി.
പട്ടിണി കിടക്കുന്നവര്‍ക്ക് കൂടിയാണ് കളിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയാണ് കാണികളുടെ അസാന്നിധ്യത്തിന് കാരണം. ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കെ ഒരു വേദി കേരളത്തിന് ലഭിക്കുമെന്ന മോഹത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്- അദ്ദേഹം വ്യക്തമാക്കി.
മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് മന്ത്രി അബ്ദുറഹ്‌മാന്റെ പ്രസ്താനവയ്‌ക്കെതിരായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്താവനയുടെ ഫലമാണ് ഒഴിഞ്ഞ ഗാലറിയെന്നും അദ്ദേഹം പറഞ്ഞു. കേരളാ ക്രിക്കറ്റ് അസോസിയേഷനും മന്ത്രിയ്‌ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. മല്‍സരം നടത്തുന്നത് കേരളാ ക്രിക്കറ്റ് അസോസിയേഷനാണ്. എന്നാല്‍ സര്‍ക്കാരാണെന്ന നിലയിലാണ് ജനങ്ങള്‍ പ്രതിഷേധ സൂചകമായി മല്‍സരം ഉപേക്ഷിച്ചതെന്നും കെസിഎ അറിയിച്ചു. ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങും സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറഞ്ഞതില്‍ ആശങ്ക അറിയിച്ചു.



