24
May 2025
Thu
24 May 2025 Thu

കൊല്ലം: സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സംവിധായകനും ടെലിവിഷന്‍ താരവുമായ അഖില്‍ മാരാര്‍ക്കെതിരേ കൊട്ടാരക്കര പൊലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ദേശവിരുദ്ധ പരാമര്‍ശം നടത്തി സമൂഹ മാധ്യമത്തില്‍ വിഡിയോ ദൃശ്യം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നല്‍കിയ പരാതിയിലാണ് കേസ്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഖില്‍ പ്രവര്‍ത്തിച്ചതായാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഖില്‍ മാരാര്‍ സാമൂഹ്യമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതി. സാമൂഹ്യമാധ്യമത്തിലെ വിഡിയോയ്ക്ക് അഖിലിനെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ സൈബര്‍ ആക്രമണങ്ങളാണുണ്ടായത്. വിവാദമായതോടെ അഖില്‍ വിഡിയോ നീക്കം ചെയ്തിരുന്നു.

അതേസമയം, കേസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അഖില്‍ മാരാര്‍ രംഗത്തെത്തി. കേസ് നിയമപരമായി നേരിടുമെന്നും വിഷയത്തില്‍ കേരള ഹൈക്കോടതിയെ സമീപിച്ചതായും അഖില്‍ പറഞ്ഞു. ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടിപ്പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്‍പര്യം സംരക്ഷിക്കാനുമാണ് പൊലിസ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ബലൂചിസ്ഥാനുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശം നാക്കുപിഴ ആണെന്നും അഖില്‍ മാരാര്‍ സാമൂഹ്യമാധ്യമത്തില്‍ പ്രതികരിച്ചു.

Complaint of anti-national remarks; Non-bailable case filed against Akhil Marar