ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ കോൺഗ്രസ് വിയർക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഛത്തീസ്ഗഢിലും തെലങ്കാനയിലും കോൺഗ്രസും ലീഡ് ചെയ്യുന്നു. ഭരണത്തിലിരുന്ന രാജസ്ഥാൻ കോൺഗ്രസിന് കൈവിട്ടുപോകുന്ന സാഹചര്യമാണ് വോട്ടെണ്ണൽ രണ്ട് മണിക്കൂർ പൂർത്തിയാകുമ്പോൾ കാണുന്നത്.
|
ആദ്യഫല സൂചനകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ബിജെപി വ്യക്തമായ ലീഡ് എടുത്തു. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശില്‍ 128 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 99 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
രാജസ്ഥാനില്‍ ബിജെപിയുടെ ലീഡ് നില 100 കടന്നു. കോണ്‍ഗ്രസ് 80 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഛത്തീസ്ഗഢിൽ 58 സീറ്റിൽ കോൺഗ്രസും 32 സീറ്റിൽ ബിജെപിയും മുന്നിട്ടുനിൽക്കുന്നു. തെലങ്കാനയിൽ കോൺഗ്രസ് വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 60ഓളം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ ബിആർഎസ് 40ഓളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഓരോ സംസ്ഥാനങ്ങളിലും ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.
നാല് സംസ്ഥാനങ്ങളിലായി 17 കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ഇതിൽ മിസോറമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ആറുമാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.


