01
May 2023
Fri
01 May 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. സച്ചിന്‍ പൈലറ്റിന്റെ അടുപ്പക്കാരനും മുന്‍ കേന്ദ്രമന്ത്രിയുമായ സുഭാഷ് മഹാരിയ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. വീണ്ടും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കോണ്‍ഗ്രസ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം.

2016 ലാണ് ബിജെപി വിട്ട് സുഭാഷ് മഹാരിയ കോണ്‍ഗ്രസില്‍ എത്തുന്നത്. സച്ചിന്‍ പൈലറ്റ് പിസിസി തലവനായപ്പോള്‍ മഹാരിയയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്തസാരയ്ക്കെതിരെ ബിജെപി മഹാരിയയെ മത്സരിപ്പിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

മഹാരിയ 1999 ഒക്ടോബര്‍ മുതല്‍ 2003 ജനുവരി വരെ ഗ്രാമവികസന മന്ത്രിയായിരുന്നു. 2003-2004 ജനുവരി വരെ അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാരില്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായി. 1998 മുതല്‍ 2009 വരെ സുഭാഷ് മഹാരിയ ബി.ജെ.പി ടിക്കറ്റില്‍ മൂന്ന് തവണ സിക്കാറില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി മത്സരിച്ച് വിജയിച്ചു. എന്നാല്‍ 2009 ല്‍ മഹാദേവ് സിങ് ഖണ്ഡേലിനോട് പരാജയപ്പെട്ടു. 2014 ല്‍ മഹാരിയക്ക് ബിജെപി ടിക്കറ്റ് നല്‍കാത്തതിനാല്‍ സ്വതന്ത്രനായി മത്സരിച്ചു.

പിന്നീട് സച്ചിന്‍ പൈലറ്റിന്റെ നിര്‍ദ്ദേശപ്രകാരം മഹരിയ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവേശിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മഹാരിയയെ സ്ഥാനാര്‍ഥിയാക്കിയിരുന്നു. പൈലറ്റിന് പുറമെ അന്നത്തെ എഐസിസി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ഗുരുദാസ് കാമത്തിനും മുന്‍ പിസിസി മേധാവി നാരായണ്‍ സിങ്ങിനും മഹറിയയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുണ്ട്. അതേസമയം, പൈലറ്റുമായി അടുപ്പമുള്ള സുഭാഷ് മഹാരിയ വീണ്ടും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതോടെ സച്ചിന്‍ പൈലറ്റും പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.