01
Aug 2023
Fri
01 Aug 2023 Fri

വാജ്‌പേയിയല്ല, റാവുവാണ് ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് മണിശങ്കര്‍ അയ്യര്‍; മതേതരപാതയില്‍നിന്ന് വര്‍ഗീയപാതയിലേക്ക് രാജ്യത്തെ നയിച്ചതും റാവു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പാര്‍ട്ടിക്കും അതിന്റെ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനും എതിരേ അതിരൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയപമായ മണിശങ്കര്‍ അയ്യര്‍. നരസിംഹറാവുവിനെ ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച മണിശങ്കര്‍ അയ്യര്‍, ഇന്ത്യയെ മതേതരപാതയില്‍നിന്ന് വര്‍ഗീയപാതയിലേക്ക് നയിച്ചത് റാവുവാണെന്നും പറഞ്ഞു. തന്റെ ആത്മകഥയായ മെമ്മറീസ് ഓഫ് എ മെവറിക്: ദ ഫസ്റ്റ് ഫിഫ്റ്റ് ഇയേഴ്‌സ് (1941 1991) എന്ന പുസ്തകം ഇറക്കുന്നതിനോടനുബന്ധിച്ച് ദ വയറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കല്‍ രാമേശ്വരത്തുനിന്ന് അയോധ്യയിലേക്കുള്ള തന്റെ റാം റീം യാത്ര്ക്കിടെ ഒഡീഷയിലായിരുന്ന എന്നെ റാവു ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങളുടെ യാത്രയോട് ഞാന്‍ യോജിക്കുന്നില്ല. മതേതരത്വം സംബന്ധിച്ച നിങ്ങളുടെ ആഖ്യാനങ്ങളിലും എനിക്ക് വിയോജിപ്പുണ്ട്. എന്താണ് സാര്‍, എന്റെ ആശയത്തോടുള്ള നിങ്ങളുടെ വിയോജിപ്പെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. മണീ, ഇതൊരു ഹിന്ദുരാഷ്ട്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ല റാവു പറഞ്ഞു. ഇതോടെ ഞാന്‍ കസേരയിലിരുന്ന് പോയി. ഇത് ബി.ജെ.പിയുടെ വാദമാണ്. ഇതൊരു ഹിന്ദുരാഷ്ട്രമല്ല, ഞാന്‍ പ്രതികരിച്ചു. ഇതൊരു മതേതരരാജ്യമാണ്. ഇവിടെ ഹിന്ദുക്കള്‍ക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെന്നത് ശരിയാണ്. പക്ഷേ ഇവിടെ 200 ദശലക്ഷം മുസ്ലിംകളുണ്ട്. കുറേ ക്രിസ്ത്യാനികളും ജൂതരും സിഖുകാരും ജൈനരും പാഴ്‌സികളും ഉണ്ട്. അപ്പോള്‍ നമുക്കെങ്ങിനെ ഇതിനെ ഹിന്ദുരാഷ്ട്രം എന്ന് വിളിക്കാന്‍ കഴിയും? ഞാന്‍ ചോദിച്ചു. റാവുവിന്റെ ഈ പക്ഷപാതപരമായ നിലപാടാണ് രാജ്യത്തെ മതേതരപാതയില്‍നിന്ന് വര്‍ഗീയപാതയിലേക്ക് നയിച്ചത് മണിശങ്കര്‍ പറഞ്ഞു.
1991 മുതല്‍ 1996 വരെയാണ് റാവു പ്രധാനമന്ത്രിയായത്. ഇക്കാലത്താണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. ഇതേതുടര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് മരിച്ച കാര്യവും മണിശങ്കര്‍ വിശദീകരിച്ചു. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന ഡല്‍ഹിയിലുണ്ടായ സിഖ് കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധിക്കെതിരേ വോട്ട്‌ചെയ്യാന്‍ തീരുമാനിച്ച കാര്യവും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാടുണ്ടായിരുന്നെന്നും അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മദന്‍മോഹന്‍ മാളവ്യ, പുരുഷോത്തം ദാസ് ഠണ്ഡന്‍ തുടങ്ങിയ നേതാക്കള്‍ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നില്ല. മതനിരപേക്ഷ നിലപാടില്‍നിന്ന് കോണ്‍ഗ്രസിനെ പൂര്‍ണമായും വ്യതിചലിപ്പിച്ചത് റാവുവാണ്. ഇപ്പോഴും പാര്‍ട്ടി പിന്തുടരുന്നത് മൃദുഹിന്ദുത്വ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയെ പാകിസ്താന്‍ ജനത ശത്രു രാജ്യമായി കാണുന്നില്ലെന്നും ഇത്തരത്തില്‍ ചിന്തിക്കുന്നവരാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാകിസ്താനിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും നയതന്ത്രജ്ഞന്‍കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.