14
May 2026
Thu
14 May 2026 Thu
kc rahul meeting

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ന്യൂഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.സി.വേണുഗോപാല്‍. ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച്ച അല്‍പ്പസമയം മുമ്പ് പൂര്‍ത്തിയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെസി വേണു ഗോപാല്‍ ഉള്‍പ്പെടെയുള്ളവരുമായി എഐസിസിയുടെ ചാര്‍ട്ടേഡ് വിമാനം 4 മണിക്ക് തിരുവനന്തപുരത്തെത്തും. വിമാനം ലാന്‍ഡ് ചെയ്യാന്‍ എയര്‍പോര്‍ട്ട് അധികൃതരോട് അനുവാദം ചോദിച്ചു. ഇതോടെ നിയമസഭാ കക്ഷി യോഗം നീളുമെന്ന് ഉറപ്പായി. നേരത്തേ ഇന്ന് ഉച്ചയ്ക്കാണ് യോഗം തീരുമാനിച്ചിരുന്നത്.

തീരുമാനം വരാതെ അനാവശ്യമായി കൂട്ടം കൂടരുതെന്ന് കെ.സി. വേണുഗോപാല്‍ ക്യാംപിന്റെ നിര്‍ദേശം. ആഘോഷങ്ങളോ പ്രതിഷേധമോ പാടില്ല. കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വീടിനു മുന്നില്‍ കൂട്ടം കൂടരുതെന്നും നിര്‍ദേശം.

മുഖ്യമന്ത്രി പ്രഖ്യാപനം വന്നാല്‍ അധികം വൈകാതെ സത്യപ്രതിജ്ഞ ഉണ്ടാവും. അതിനുള്ള ഒരുക്കങ്ങള്‍ കെപിസിസി നേതൃത്വം തുടങ്ങിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് വൈകീട്ട് ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് കൈമാറും.

ALSO READ: കെസി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി വീട്ടിലേക്ക് വിളിപ്പിച്ചു; ഫോര്‍മുല തയ്യാര്‍

വി.ഡി. സതീശന്‍ രാവിലെ 7.15 ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. മകള്‍ ഉണ്ണിമായയും സഹോദരന്റെ മകളും അദ്ദേഹത്തിനൊപ്പം കാറിലുണ്ട്. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ തുടരുകയാണ് രമേശ് ചെന്നിത്തല. അവസാന നിമിഷവും സമവായ സ്ഥാനാര്‍ഥിയായി ചെന്നിത്തലയുടെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്ന്ണ് അദ്ദേഹത്തിന്റെ ക്യാംപിന്റെ വിശ്വാസം.

അതിനിടെ ലീഗ് എംഎല്‍എമാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എത്തുന്നതില്‍ അസൗകര്യം അറിയിച്ചു. ലീഗിന്റെ എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഇമെയില്‍ വഴി നല്‍കിയേക്കുമെന്നാണ് സൂചന. രാവിലെ ലീഗ് യോഗം ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ഗവര്‍ണര്‍ക്കുള്ള കത്ത് എല്ലാവരില്‍ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.