30
Mar 2024
Tue
30 Mar 2024 Tue
Choudhary Lal Singh supported Kathua rape accused

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഘം ചെയ്തു കൊന്ന പ്രതികളെ പിന്തുണച്ച മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുന്നു. 2018ല്‍ കത്വയിലെ ക്ഷേത്രമുറ്റത്ത് പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്തു കൊന്ന പ്രതികളെ പിന്തുണച്ച് റാലി നടത്തിയ ചൗധരി ലാല്‍ സിങ് ആണ് ഉധംപൂരില്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിക്കാനൊരുങ്ങുന്നത്. (Congress took back Choudhary Lal Singh, J&K ex-minister who supported Kathua rape accused)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു തവണ എംപിയും അന്നത്തെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയുമായ ചൗധരിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പ്രതികളെ പിന്തുണച്ച് റാലി നടത്തിയത് രാജ്യമാകെ പ്രതിഷേധം ഇളക്കിവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്ത്യാ ഗേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് ലാല്‍ സിങിന് രാജിവയ്‌ക്കേണ്ടി വന്നത്. അതേ ലാല്‍ സിങാണ് ആറ് വര്‍ഷത്തിന് ഇപ്പുറം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാനൊരുങ്ങുന്നത്. അതും കത്വ ഉള്‍പ്പെടുന്ന ഉധംപൂര്‍ മണ്ഡലത്തില്‍ നിന്ന്.

നേരത്തേ കോണ്‍ഗ്രസിലുണ്ടായിരുന്ന ലാല്‍ സിങ് 2014ല്‍ ഉധംപൂരില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപിയിലെത്തിയത്. ശേഷം മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍ മന്ത്രിസ്ഥാനവും ലഭിച്ചു. ബലാല്‍സംഘക്കേസിലെ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക്താ മഞ്ജ് നടത്തിയ റാലിക്കാണ് ലാല്‍ സിങ് നേതൃത്വം നല്‍കിയത്. ഇതേ തുടര്‍ന്ന് പിഡിപിയില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചു.

അതിന് പിന്നാലെ ദോഗ്ര സ്വാഭിമാന്‍ സന്‍ഘടന്‍ പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു ലാല്‍ സിങ്. കഴിഞ്ഞ നവംബറില്‍ ലാല്‍ സിങിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പാണ് ലാല്‍ സിങിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചത്. ലാല്‍ സിങിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അവരോടാണ് ഇതേക്കുറിച്ച് ചോദിക്കേണ്ടതെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പ്രതികരിച്ചു. പിഡിപിയും വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

അതേസമയം, പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസ് തീരുമാനത്തിനെതിരേ ശക്തമായി രംഗത്തെത്തി. ബലാല്‍സംഘക്കേസിലെ പ്രതിയെ പിന്തുണച്ചയാളെ സ്ഥാനാര്‍ഥിയാക്കുന്നത് രാഹുലിനും പ്രിയങ്കയ്ക്കും നാണക്കേടാണെന്ന് ഗുലാം നബി ആസാദിന്റെ പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി പ്രതികരിച്ചു.

സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ ഡോക്ടര്‍ ജിതേന്ദ്ര സിങിനെയാണ് ഉധംപൂരില്‍ ചൗധരി ലാല്‍ സിങിന് നേരിടേണ്ടി വരിക. ദോഡ, കിശ്ത്വാര്‍, കത്വ, ഉധംപൂര്‍, റംബാന്‍ ജില്ലകള്‍ ഉള്‍പ്പെട്ടതാണ് ഉധംപൂര്‍ പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ ദോഡ, കിശ്ത്വാര്‍, റംബാന്‍ ജില്ലകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളാണ്. ഉധംപൂരിലും കത്വയിലും ഹിന്ദുക്കളാണ് കൂടുതല്‍.