13
Apr 2024
Thu
13 Apr 2024 Thu

40 % വിലക്കുറവില്‍ പഠനോപകരണങ്ങള്‍; കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ റെഡി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സ്‌കൂള്‍ സീസണില്‍ ഉണ്ടാകുന്ന വിലക്കയറ്റം ഒഴിവാക്കുന്നതിന് എല്ലാ പ്രദേശങ്ങളിലും സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കണ്‍സ്യൂമര്‍ഫെഡ് മുഖേന 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. ഗാന്ധിനഗറിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ ആസ്ഥാനത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ എം. സലിം നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് ഉത്പാദപ്പിക്കുന്ന ത്രിവേണി നോട്ടുബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാ പഠനസാമഗ്രികളും 40 ശതമാനം വിലക്കുറവില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റുവഴി ലഭിക്കും. ജൂണ്‍ 15വരെ ത്രിവേണി ഔട്‌ലെറ്റുകളിലും സഹകരണസംഘങ്ങള്‍ നടത്തുന്ന വിപണനകേന്ദ്രങ്ങളിലും സ്‌കൂള്‍ സൊസൈറ്റികളിലും സ്‌കൂള്‍ സ്‌റ്റോര്‍ പ്രവര്‍ത്തിക്കും.

സ്‌കൂള്‍വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ തയാറാക്കിയത്. ത്രിവേണി നോട്ട്ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ പഠന സാമഗ്രികളും സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലുണ്ടാകും. സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ 400 എണ്ണം സഹകരണസംഘങ്ങള്‍ മുഖേനയും നൂറെണ്ണം ത്രിവേണി ഔട്ട്‌ലെറ്റുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്.

കുന്നംകുളത്തെ കണ്‍സ്യൂമര്‍ഫെഡ് ഓഫീസിന്റെ ത്രിവേണി സ്റ്റേഷനറി ഡിവിഷനിലാണ് നോട്ട്ബുക്കുകള്‍ നിര്‍മിക്കുന്നത്. എ ഗ്രേഡ് പേപ്പര്‍ ഉപയോഗിച്ച് നിര്‍മിച്ച 50 ലക്ഷം നോട്ട് ബുക്കുകള്‍ തയ്യാറായി. മറ്റ് ബ്രാന്‍ഡഡ് സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, ലഞ്ച് ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍ ഉള്‍പ്പെടെ എല്ലാ പഠനോപകരണങ്ങളും നേരിട്ട് സംഭരിച്ച് പൊതു മാര്‍ക്കറ്റില്‍നിന്നും 40 ശതമാനം വിലക്കുറവില്‍ വില്‍പ്പനനടത്തും. പത്തുകോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.

consumerfed started student market with 40 % rebate